മഴ മറയുമ്പോൾ

Readers Ink

മഴ മറയുമ്പോൾ


പണ്ട് തൊഴിലില്ലാതെ നടന്നിരുന്ന കാലത്താണ് കുറച്ചു കാലം വടക്കൻ ജില്ലയിലെ പെങ്ങളുടെ വീട്ടിൽ താമസത്തിനു പോകുന്നത്. ബേക്കറിയും കൂൾബാറുമൊക്കെയായി അളിയനവിടെയൊരു ചെറിയ കച്ചവടമുണ്ട്. അതിലേക്കൊരു സഹായത്തിനായാണ് എന്നെ കൊണ്ടുപോയത്.

അളിയനതൊരു സഹായമായോ എന്നറിയില്ല. പക്ഷേ എനിക്ക് അതൊരു വലിയ സഹായമായിരുന്നു. കാരണം മുണ്ടുടുത്ത് നടന്നിരുന്ന ഞാൻ പാന്റിടാൻ തുടങ്ങിയതും ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയതും അതിനേക്കാളുപരി വായനാശീലം തുടങ്ങിയതും അവിടെ വെച്ചായിരുന്നു. മുൻപ് നാട്ടിലെ ചിത്രകാരൻ രമേഷേട്ടൻ ചിത്രംവരയ്ക്കുന്നത് കാണാൻ പോയിരിക്കുമ്പോൾ അവിടെയുള്ള മനോരമയും ചിത്രഭൂമിയുമൊക്കെ വായിക്കാറുണ്ടെങ്കിലും മുകുന്ദനേയും മലയാറ്റൂരിനേയും ടോൾസ്റ്റോയിയേയും, ജിബ്രാനേയുമൊക്കെ വായിക്കാൻ തുടങ്ങിയത് ഇവിടെ എത്തിയതിനു ശേഷമാണ് .

കാലത്ത് ഏഴുമണിക്ക് കട തുറന്ന് ക്ലീൻ ചെയ്യുക, വിവിധ ജ്യൂസുകളും നാരങ്ങാവെള്ളവും കലക്കി വെക്കുക എന്നതൊക്കെയാണ് പ്രധാന ജോലി. പത്തു മണിക്ക് അളിയൻ കടയിലെത്തിക്കഴിഞ്ഞാൽ ഞാൻ തിരിച്ചു വീട്ടിലേക്ക് പോവും. പിന്നീട് പെങ്ങൾ വീട്ടു പണിചെയ്യുമ്പോൾ മൂന്ന് വയസായ അനന്തരവനെ നോക്കുന്നതൊരു പണിയാണ്. ഉച്ചക്ക് ഊണുകഴിച്ചതിനു ശേഷം അളിയനു ഊണുകഴിക്കാൻ വരാൻ വേണ്ടി കടയിലേക്ക് പോവും. പിന്നിട് അളിയൻ ഊണുകഴിക്കലും വിശ്രമവും കഴിഞ്ഞ് മൂന്ന് മണിയോട് കൂടി കടയിലെത്തിയാൽ ഒരു നാലരയോടു കൂടി ഞാൻ കടയിൽ നിന്ന് ഇറങ്ങി ക്രിക്കറ്റ് കളിക്കാൻ പോകും.


Related Articles