ഒരു കടലാസു കഷ്ണമെടുത്ത് തിടുക്കത്തോടെ അവനെഴുതി തുടങ്ങി.
“മനുഷ്യൻ്റെ വികാരവിചാരങ്ങളുടെ അന്ത:സത്ത ഗ്രഹിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്. ഭൂമിയിലേക്ക് പിറവിയെടുക്കുന്ന ഓരോ മനുഷ്യനും, അവർക്ക് മാത്രം സുപരിചിതമായ അനുഭവങ്ങളിൽ ആഴ്ന്നിറങ്ങുമ്പോൾ ചിലർക്ക് ദുഃഖവും ചിലർക്ക് സന്തോഷവും അതേസമയം ചിലർക്ക് പ്രത്യാശയും നൽകി ആയുസ്സിൻ്റെ നല്ലൊരു പങ്ക് ഭൂമിയിൽ പകർന്നാടുന്നു. പകർന്നാട്ടത്തിൻ്റെ ഓരോ ഭാവതലത്തിലും തന്നിലെ നല്ല നടനെ കണ്ടെത്താനുള്ള ശ്രമം പലപ്പോഴും പരാജയപ്പെട്ടു പോകുന്നു.”
വരികൾക്ക് വെമ്പിനിൽക്കുന്ന കറുത്തമഷിക്ക് ഭൂതകാലത്തിൻ്റെ വേരുകൾ പറിച്ചെടുക്കാനുള്ള കഴിവുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു. തൻ്റേതായ സ്വത്വത്തെ പ്രതിക്കൂടിനുള്ളിൽ കയറ്റി നിർത്തി അവൻ വിചാരണ നടത്താനാരംഭിച്ചു. ഭയത്താലും ആശങ്കയാലും വിറങ്ങലിച്ച അവൻ്റെ ചുണ്ടുകൾക്ക് നുണയുടെ രുചി വന്നിരുന്നെങ്കിലും തെല്ലു കയ്പ്പോടെ ഉമിനീരിനൊപ്പം വിഴുങ്ങി. സത്യത്തിൻ്റെയും ധർമ്മത്തിൻ്റെയും മൂല്യബോധത്തിൻ്റെയും വിസ്തൃതിക്കുള്ളിൽ നിന്ന് എപ്പോഴാണ് താൻ മാറ്റി ചിന്തിച്ചു തുടങ്ങിയത്!
