മൂത്രവും, മലവും, രക്തവും കലർന്ന തറയിൽ കിടന്ന് കുഞ്ഞാപ്പു ഒന്നു ഇളകാൻ ശ്രമിച്ചു. ശരീരം ആസകലം നുറുങ്ങുന്ന വേദനയിൽ കുഞ്ഞാപ്പു നിലവിളിച്ചു. പക്ഷേ, ശബ്ദം പുറത്ത് വന്നില്ല.
"ന്റെ ബദ്രീങ്ങളെ...' കുഞ്ഞാപ്പു ഉള്ളിൽ വിളിച്ചു.
പിഴുതെടുത്ത നഖത്തിന്റെ മാംസത്തിൽ നിന്നും രക്തം ഒഴുകി കൊണ്ടിരുന്നു. വരണ്ട തൊണ്ടയുടെ അകത്ത് നിന്നും പുളിച്ച ഒരൽപം നീര് പുറത്തേക്ക് വന്നു. കണ്ണ് തുറക്കാൻ ശ്രമിച്ചു. പക്ഷേ, കഴിഞ്ഞില്ല. നീര് വന്ന് എല്ലാം വീങ്ങിയിരിക്കുന്നു. ബൂട്ടിന്റെ ശബ്ദം കാതുകളിൽ പതിച്ചു. അതെ, അവർ വീണ്ടും വരുന്നു. ദിവസങ്ങളായി ഈ പീഢനം തുടങ്ങിയിട്ട്. ഇനി അധികം പിടിച്ചു നിൽക്കാൻ ആകില്ല. താൻ മരിച്ചു പോകും. കുഞ്ഞാപ്പുവിന്റെ മങ്ങിയ പ്രജ്ഞയിലൂടെ ഉമ്മയുടെ മുഖം തെളിഞ്ഞു.
