സ്വന്തമായി ഒരു വീടെന്ന അവരുടെ സ്വപ്നത്തിന്റെ ചവിട്ടുപടിയിലേക്ക് കാലെടുത്ത് വെക്കാൻ ഇനി അധികം ദൂരമില്ല. പുതിയ വീട്ടിൽ എന്തൊക്കെ എവിടെയൊക്കെ വേണമെന്ന ചിത്രങ്ങൾ മനസ്സ് വരയ്ക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതായി. പോക്കറ്റിന്റെ കനം അതിൽ പല ചിത്രങ്ങളെയും പലവട്ടം മായ്ച്ച് പുതിയത് വരച്ചു. അവരുടെ കയ്യിലെ ഫോണിനും അവരുടെ മനസ്സ് അറിയാമെന്ന് തോന്നുന്നു. വീട് പണി തുടങ്ങിയ കാലത്ത് എന്തോ തിരഞ്ഞതാണ് ഗൂഗിളിൽ. അവിടുന്നിങ്ങോട്ട് വീട് നിർമ്മാണവുമായി ബന്ധപ്പെട്ട പരസ്യങ്ങളും പോസ്റ്റുകളും വീഡിയോകളുമാണ് സകല സോഷ്യൽ മീഡിയകളും കാണിച്ചു തരുന്നത്!
ഇത്രയൊക്കെ കണ്ടിട്ടും വില അന്വേഷിച്ചിട്ടും ഗൃഹോപകരണങ്ങളും ഫർണ്ണീച്ചറുകളും പലതും പഴയ വീട്ടിൽ നിന്നും കൊണ്ടുപോകാനോ വിലക്കുറവിൽ വാങ്ങാനോ ആണ് സാമ്പത്തിക നില അവരോട് ആവശ്യപ്പെട്ടത്. അതനുസരിക്കാതെ നിവൃത്തിയുമില്ലായിരുന്നു.
"പക്ഷെ, ഫ്രിഡ്ജ് മാത്രം പുതിയത് വേണം, ഇരട്ട വാതിലുകളുള്ള വലുത്..!" ഭാര്യ വാശിപിടിച്ചു.
