സാവകാശം നഷ്ടപ്പെട്ടവർ

Readers Ink

സാവകാശം നഷ്ടപ്പെട്ടവർ


തോളിൽ മുഖവും ചരിച്ചുവച്ച് കടൽക്കരയിൽ അറ്റമില്ലാകടലിനേയും ആകാശത്തേയും നോക്കിയിരിക്കാൻ ഒരു സുഖമുണ്ട്. അവയ്ക്കിടയിലൂടെ കയറിവരുന്ന ചിന്തകൾ. ചിന്തകളുടെ വേലിയേറ്റത്തിനൊടുവിൽ പലതും കടലമ്മതന്നെ തിരികെക്കൊണ്ടുപോയി. ഇവിടെയിങ്ങനെ ഇരുന്നു നോക്കുമ്പോൾ കടലിനും ആകാശത്തിനും ഒരേനിറം. ആകാശത്തിന്റെ നീലമഷിക്കൂട്ട് ആത്മാവിലേക്കാവാഹിച്ച കടൽ, നക്ഷത്രപഥത്തെ പുണരാൻ വെമ്പുന്നപോലെ. കടലും ആകാശവും പിരിഞ്ഞുനിൽക്കുമ്പോഴും, കൺവെട്ടത്തിനപ്പുറത്തെങ്ങോ അവ ഒന്നായി ലയിക്കുന്നു. സമാഗമങ്ങൾക്കിടയിലൂടെ മറുകര തേടിപ്പോകുന്ന യാനങ്ങൾ. കടൽക്യാൻവാസിലെ ചിത്രങ്ങൾ ഓരോ നിമിഷവും തെളിമയാർജ്ജിക്കുന്നു.

കടൽക്കരയിൽ ആളുകളുടെ തിരക്കേറിത്തുടങ്ങി. കൂടെ ബഹളങ്ങളും. കോർണിഷിലെ ഭംഗിയേറിയ പുല്ത്തകിടിയുടെ അങ്ങേത്തലയ്ക്കലുള്ള ഒഴിഞ്ഞ മരബെഞ്ചിലേയ്ക്ക് മാറിയിരിക്കുമ്പോൾ ഒരു ചിന്ത: ഇവർക്ക് വീട്ടിലെന്തെല്ലാം പണികളുണ്ടാകും? അതെല്ലാം മാറ്റിവച്ച് എന്തിനിങ്ങോട്ടുതന്നെ വരുന്നു. സ്വൈര്യതയിലേക്കുള്ള കടന്നുകയറ്റം അസ്വസ്ഥതയായി മനസ്സിൽ നിറഞ്ഞു. അടക്കിവയ്ക്കാൻ കഴിയാത്ത ഒരു രോഷം. എന്തിനാണ് ഇവരോടു ദേഷ്യം തോന്നുന്നതെന്ന് എത്ര ആലോചിച്ചിട്ടും വ്യക്തമായില്ല. തിരക്കും വർത്തമാനങ്ങളും കോലാഹലങ്ങളും കൂടിക്കൂടി വരുന്നു. പുലരുന്നതു മുതൽ ഇരുട്ടുവരെയും ജീവിതം ഇതേ ബഹളങ്ങളിലല്ലേ. ഇവിടെ വന്നാലെങ്കിലും സമാധാനമായിരുന്നുകൂടെ.

ശാന്തമായിരിക്കാൻ ഇവർക്കറിയില്ലെന്നു തോന്നുന്നു. കടലിന്റെ സൗന്ദര്യം ഇവർ ആസ്വദിക്കുന്നില്ല. ആസ്വാദനം മറന്ന മനുഷ്യർ. ജീവിക്കാൻ മറന്നുപോയവർ. സമുദ്രത്തിന്റെ ഓരോ അണുവിലുമുള്ള സൗന്ദര്യം പതിയെ മനസ്സിലേക്കാവാഹിച്ച് അതിൽ ലയിക്കുന്ന ലഹരി ഇവർക്കന്യമാകുന്നു. ബഹളവും വേഗതയുമാണ് അവരെ നയിക്കുന്നത്. തിരമാലകൾക്കുള്ളിലൂടെ പൊങ്ങിയും താണും, ആഴക്കടലിലേയ്ക്കു നീന്തിയും പവിഴപ്പുറ്റുകൾ കണ്ടും തിരികെ വരുന്ന കടൽമത്സ്യങ്ങളാകാൻ കഴിയാതെ ഉപ്പുവെള്ളത്തിനു മുകളിൽ പൊങ്ങിക്കിടന്ന് എങ്ങോ എത്തിപ്പെടാൻ തിരക്കുപിടിക്കുന്ന യാനങ്ങൾ കണക്കേ ചില മനുഷ്യർ. കടലിന്റെ വശ്യമായ മാസ്മരിക സൗന്ദര്യത്തിന്റെ ആഴമറിയാതെ കടൽക്കരയിൽ വന്നിരിയ്ക്കുന്നവർ.


Related Articles