ദേശത്തിനതിരില്ലാതെ എത്രനാൾ കുറവുകളില്ലാതെ നടക്കാൻ കഴിയുമെന്നറിയില്ല. നല്ല ഐശ്വര്യമുള്ള മുഖം, അനാരോഗ്യം കടന്നു പിടിക്കാത്ത ശരീരം. ദു:ഖത്തിന്റെ നിഴലുകൾ പതിഞ്ഞിട്ടില്ലെന്ന മട്ടിലുള്ള പുഞ്ചിരി. കൈയ്യിൽ ഒരു വടിയും സഞ്ചിയും, കാലിൽ ചെരുപ്പില്ല, വെളുത്ത താടിയിൽ തഴുകിക്കൊണ്ട് തണലേകിയ മരച്ചുവട്ടിൽ മൗനമായ് ഇരുന്നു. ഒരായിരം വാക്കുകൾ ആരോടോ പറയാനായി വെമ്പുംപോലെ, മക്കൾ എവിടെന്നായിരുന്നു ചോദ്യം. പിന്നീട് അദ്ദേഹം പറഞ്ഞതൊക്കെ കഥകളായിരുന്നു. അത് കേട്ടിരുന്നു ഞങ്ങൾ.
ഒരു ഗ്രാമത്തിന്റെ കഥ, ഒരു അച്ഛന്റെ കഥ. നെന്മാറവേലയും പൂരവും കടന്ന് അക്ഷര നഗരിയിലേക്ക് എത്തിയ കഥ. അപ്രതീക്ഷിതമായ കണ്ടുമുട്ടലുകളിൽ ചിലർക്ക് ചില കഥകൾ പറയാനുണ്ടാവും. പ്രയപ്പെട്ടവരായ് തോന്നുവരോട് തുറന്നു പറയുകയാണ്. ഇവിടെ വിശ്വാസമോ അവിശ്വാസമോ പ്രധാനമല്ല. ഒരു ഭാണ്ഡം അഴിച്ചു വെക്കൽ ആണ്. വിശപ്പിനെയോർത്ത് ആ വർദ്ധക്യം നിറഞ്ഞ കൈകൾ മറ്റുള്ളവർക്കു മുന്നിൽ കൈ നീട്ടി. ആദ്യമായ് ഒരു രൂപയ്ക്കു കൈ നീട്ടി തുടങ്ങിയാൽ പിന്നെ തുടർച്ചയായ് ആ കൈകൾ മറ്റുള്ളവർക്കു മുന്നിൽ നീണ്ടു കൊണ്ടേയിരിക്കും. പലരും ആ കൈകളെ നോക്കി മാറി നിൽക്കാൻ പറയും പക്ഷേ അവിടെ ദു:ഖം തോന്നില്ല. കാരണം വിശപ്പാണ് പ്രധാനം.
താനും ഒരു നാൾ വിഭവസമൃദ്ധമായ ജീവിതം നയിച്ചയാളാണ് എന്ന് പറയുമ്പോഴും പഴയകാല ജീവിതത്തിന്റെ ഓർമ്മകൾ അദ്ദേഹത്തിന്റെ മുഖത്ത് നിഴലിച്ചിരുന്നു. ഭാര്യ, മക്കൾ, പേരമക്കൾ, നിറഞ്ഞ കുടുംബനാഥൻ. പ്രായം ഏറെ ആയിരിക്കുന്നു, ഊണുമേശയിലെ ആഹാരത്തിനു ചുറ്റും നിശബദ്ധത നിറയുകയും, ഒരിക്കൽ, ചിലര് അടക്കി പിടിച്ച ശബ്ദം ചെറുതാണെങ്കിലും ആ വൃദ്ധന്റെ കാതുകളിൽ പതിഞ്ഞു. "വയ്യ ഇനി ഇതും കൂടി തലയിലേക്കാൻ " ഉള്ളിലൊതുക്കി കരഞ്ഞ മകളെ അദ്ദേഹം കണ്ടു. തികച്ചും നിസ്സാഹായയാണവൾ. മറ്റൊരുവന്റെ ഭാര്യയാണവൾ. ഇന്ന് തന്റെ മകൾ അല്ല. താൻ മനസ്സിലാക്കിയ ആ സത്യം ഇതായിരുന്നു ഇനിയാരുമില്ല തനിക്ക്. നെഞ്ചോടടക്കിപിടിച്ച തന്റെ പ്രിയപ്പെട്ടവൾ മറഞ്ഞുപോയ്.
