ശൂന്യം

അസ്തമയ സൂര്യന്റെ ചോരവർണ്ണം ദയാൽ വർമ്മന്റെ എഴുത്തുമുറിയിലേക്ക് അരിച്ചുകയറി. ആ ചുവപ്പിൽ അദ്ദേഹത്തിന്റെ നരവീണ മുടിയിഴകൾക്ക് ചിതയിലെ ഭസ്മത്തിന്റെ മ്ലാനതയാണെന്ന് തോന്നിപ്പിച്ചു. മേശപ്പുറത്ത് ചിതറിക്കിടക്കുന്ന കടലാസുകളിൽ പകുതി വഴിയിൽ ശ്വാസം നിലച്ച അനേകം വരികൾ. ഓരോ വാക്കും ഓരോ ശവക്കല്ലറകൾ പോലെ നിശബ്ദമായിരുന്നു. ഒരുകാലത്ത് തന്റെ സിരകളിൽ അഗ്നിയായി പടർന്ന ആ വാക്കുകൾ ഇന്ന് തന്നെ വിട്ടുപോയിരിക്കുന്നു.

"ഇനിയെന്ത്? എന്റെ വാക്കുകൾ എന്നെ കൈവെടിഞ്ഞിരിക്കുന്നു..."

ദയാലിന്റെ സ്വരം ഒരു നേർത്ത തേങ്ങലായി ആ മുറിയിൽ തങ്ങിനിന്നു. വിറയാർന്ന വിരലുകളിൽ നിന്നും ദയാലിന്റെ പ്രിയപ്പെട്ട പേന ദാക്ഷിണ്യമില്ലാതെ താഴേക്ക് വീണു. മലയാള സാഹിത്യത്തിന്റെ ആകാശത്ത് സൂര്യനായി ജ്വലിച്ച, തലമുറകളെ സ്വപ്നം കാണാൻ പഠിപ്പിച്ച കഥകളുടെ തമ്പുരാൻ. പക്ഷെ ഇന്ന്, തന്റെ ഉള്ളിൽ ഒരു മഹാമരുഭൂമി വികസിക്കുന്നത് അദ്ദേഹം ഭീതിയോടെ അറിഞ്ഞു. കടൽ തിരമാലകൾ പോലെ ഇരമ്പിവന്നിരുന്ന ഭാവനകൾ ഉപ്പുകാറ്റിൽ തട്ടി കരിഞ്ഞുപോകുന്നു. ഓരോ പുതിയ കഥയും തുടങ്ങുമ്പോൾ ഇപ്പോൾ അതൊരു ഗർഭഛിദ്രം പോലെ അപൂർണ്ണമായി ഒടുങ്ങുന്നു. ഇത് വെറുമൊരു 'റൈറ്റേഴ്‌സ് ബ്ലോക്ക്' അല്ല, ആത്മാവിന്റെ വിലാപമായിരുന്നു. ഉള്ളിലെ എഴുത്തുകാരന്റെ മരണം ഓരോ നിമിഷവും ദയാലിനെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു.


Related Articles