ഞാവൽ പഴത്തിന്റെ നിറംതേടി..

Readers Ink

ഞാവൽ പഴത്തിന്റെ നിറംതേടി..


നെഞ്ചിന്റെ ഇടതുഭാഗത്തായി വല്ലാതെ ചൂട് അനുഭവപ്പെടാൻ തുടങ്ങി. ഉറക്കം പതിയെ വിട്ടകന്ന് പോകുന്നു. മുഖത്തിനടുത്ത് ഒരു പന്തം നിന്ന് കത്തുന്ന പോലെ. നെറ്റിയിൽ വിയർപ്പ് ചാലുകീറി ഒഴുകി. കുറച്ച് പണിപ്പെട്ട് കണ്ണുതുറന്നു. സൂര്യൻ പതിയെ നീങ്ങിയപ്പോൾ താൻ കിടന്നിരുന്ന ഭാഗത്തെ മരത്തിൻ്റെ തണൽ മറ്റൊരു ഭാഗത്തേക്ക് മാറിപ്പോയതാണ്. വെയിൽ നേരത്തെ തണലായിരുന്നിടമെല്ലാം തന്റേതാക്കിയിരിക്കുന്നു. പുഴക്കരയിലെ ആ ഞാവൽ മരത്തിൻ്റെ അടിയിൽനിന്ന് അവൻ മെല്ലെ തലയുയർത്തി. അങ്ങ് ദൂരെയായി ഇട്ടൂലി മുത്തശ്ശി തുണികൾ അലക്കുകയാണ്. മേഘങ്ങളെ പോലെ തുണികളുടെ വലിയ കെട്ടുകൾ. ഏതാനും പശുക്കളും ആടുകളും പുഴക്കരയിൽ മേഞ്ഞു നടക്കുന്നുണ്ട്. പേരറിയുന്നതും അറിയാത്തതുമായ ഏതൊക്കെയോ ജീവികളുടെ ശബ്ദങ്ങൾ.

കലങ്ങിമറിഞ്ഞ അവൻ്റെ ഉള്ളൊഴുക്കുകൾ അറിയാതെ അവനു മുന്നിലൂടെ പെരിയാർ ശാന്തമായി ഒഴുകി. ദൂരെനിന്ന് കാടിൻ്റെ മണമുള്ള ഒരു കാറ്റ് പുഴ വെള്ളത്തിൻ്റെ ഒഴുക്കിനൊപ്പം ഒഴുകിവന്നു. അതിനെ പിന്തുടർന്നുകൊണ്ട് മനോഹരമായ ശബ്ദത്തിൽ ഒരു പാട്ട് പുഴയുടെ ഓളങ്ങൾക്ക് മുകളിലൂടെ അവൻ്റെ ചെവിയിൽ എത്തി. പുഴയിൽ കക്ക വാരിക്കൊണ്ടിരുന്ന പെണ്ണുങ്ങൾ വെള്ളത്തിന് മുകളിലേക്ക് പൊങ്ങിവന്ന് പാട്ട് വരുന്ന ദിക്കിലേക്ക് ആരാധനയോടെ നോക്കി. ദൂരെ വള്ളം തുഴഞ്ഞുകൊണ്ട് അപ്പൻ വരുന്നത് അവൻ കണ്ടു. അപ്പൻ്റെ ആശാൻ മരിച്ചതിനുശേഷം മൂന്നാല് ആഴ്ചകൾക്ക് ശേഷമാണ് സങ്കടമില്ലാത്ത ഒരു പാട്ട് അപ്പൻ പാടുന്നത് കേൾക്കുന്നത്. ദൂരെ നിന്നും അവനെ കണ്ട് അപ്പൻ പാട്ടുനിർത്താതെ തന്നെ കൈകൊണ്ട് വീട്ടിലേക്ക് വരുവാൻ ആംഗ്യം കാണിച്ചു.

കുറച്ച് ദിവസത്തിനു ശേഷമാണ് അപ്പനെ കള്ളിന്റെ ലഹരിയില്ലാതെ കാണുന്നത്. ആശാൻ മരിച്ച അന്ന് തുടങ്ങിയ കുടിയാണ്. വീട്ടിലേക്ക് വല്ലപ്പോഴുമേ വന്നിരുന്നുള്ളൂ. അവനാണെങ്കിൽ ചിലപ്പോൾ വീട്ടിൽ കഞ്ഞി ഉണ്ടാക്കി കുടിക്കും. അല്ലെങ്കിൽ അടുത്ത വീടുകളിൽ നിന്ന് വല്ലതുമൊക്കെ തരും. കാരണം അപ്പനും ആശാനും ചേർന്നാണ് ആ ക്ഷാമകാലത്ത് വള്ളത്തിൽ അരി കൊണ്ടുവന്നിരുന്നത്. കൊച്ചിയും തിരുവിതാംകൂറും നാട്ടുരാജ്യങ്ങളായി നിൽക്കുന്ന കാലമാണ്. രാജ്യങ്ങളുടെ അതിർത്തിയിലൂടെ അരിയും മറ്റും കടത്തുന്നത് നിയമവിരുദ്ധമായിരുന്നു. എങ്കിലും ക്ഷാമവും പട്ടിണിയും പലരെയും ആ സാഹസത്തിന് നിർബന്ധിതരാക്കി. അതിൽ അപ്പനും ആശാനും നാട്ടിലെ പ്രധാനികളാണ്. അയൽ വീടുകളിൽ നിന്ന് കിട്ടുന്ന പരിഗണനയ്ക്ക് അതും ഒരു കാരണമാണ്. ആശാൻ മരിച്ചപ്പോൾ അപ്പൻ്റെ ഒരു വശം പോയി എന്നാണ് കക്ക വാരുന്ന പെണ്ണുങ്ങളിൽ ആരോ പറഞ്ഞത്.


Related Articles