ടെസ, തല തെറിച്ച ഒരു പെണ്ണ്. ഈ എടങ്ങേറ് പിടിച്ചവൾ ചാടിത്തുളളി നടന്ന് നാട്ടിൽ ഉണ്ടാക്കിയേക്കുന്ന പുകിലുകൾ ചില്ലറയും ചില്ലുവാനമൊന്നുമല്ല. അവളുടെയപ്പൻ ഔതക്കുട്ടി പഠിച്ച പണി സകലതും പയറ്റിയിട്ടും അവളെ ഒതുക്കാൻ കഴിഞ്ഞിട്ടില്ല. പിന്നെയാ നാട്ടുകാര്. എന്തൊക്കെ പറഞ്ഞാലും അച്ചാമ്മയ്ക്കവളെ പെരുത്തിഷ്ടാണ്. അച്ചാമയുടെ തനി സ്വരൂപമെന്നാ നാട്ടാര് പറയാറ്. “ഇഷ്ടപ്പെട്ട ചെക്കനെ ഓടിച്ചിട്ട് കെട്ടിയ മൊതലാ അച്ചാമ. പിന്നെ കൊച്ചുമോളെന്തായിരിക്കും?” നാട്ടാരിൽ പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു. അച്ചാമ്മയുടെ പഴയ വീരകഥകൾ കേട്ടു വളർന്ന ടെസയ്ക്ക്, വീട്ടുകാരുടെ കണ്ണുരുട്ടലുകൾ വെറും കോമഡിയായിരുന്നു.
പള്ളിപ്പെരുന്നാളിന്റെ അന്ന് പുതിയ കുപ്പായവുമൊക്കെയിട്ട് കെട്ടിയിറങ്ങിയ ടെസയെ നോക്കി ഔതക്കുട്ടി നെടുവീർപ്പിട്ടു. അന്നു തന്നെയാണ് അടുത്ത നാട്ടിൽ നിന്നെത്തിയ ആന്റോ എന്ന പാവത്താൻ പയ്യൻ അവളുടെ കണ്ണിൽ പെടുന്നത്. നാട്ടിലെ തലതെറിച്ച ആൺപിള്ളേരൊക്കെ ടെസയെ കണ്ട് വഴിമാറി നടക്കുമ്പോൾ, ആന്റോ മാത്രം കൗതുകത്തോടെ അവളെയൊന്ന് നോക്കി നിന്നുപോയി. അതു പോരായോ അവൾക്ക്! ഇവനെയല്ലാതെ ഞാനാരേം മിന്നുകെട്ടില്ല. അവള് തീരുമാനിച്ചെന്നു മാത്രമല്ല, അച്ചാമയോടു മാത്രം അതു പറയുകയും ചെയ്തു;“കർത്താവാന്നെ, ഞാനവനെയേ കെട്ടൂ, അതിപ്പോൾ അവനെന്നെ ഇഷ്ടമല്ലേലും!”
പള്ളിപ്പെരുന്നാള് കഴിഞ്ഞപ്പോൾ ഔതക്കുട്ടി പയ്യന്മാരെ ഓരോരുത്തരെയായി കൊണ്ടുവന്നെങ്കിലും ടെസ അവരെയൊക്കെ വട്ടം കറക്കി തിരിച്ചയച്ചു. ഒടുവിൽ സഹികെട്ട് അപ്പൻ ചോദിച്ചു,
