പത്തായം  

Readers Ink

പത്തായം  


കൊട്ട് മുറുകുമ്പോൾ അറയുടെ മുറ്റത്തെ മണ്ണ് അതിനും മേലെയുറഞ്ഞു. ചിലമ്പിന്റെ നീണ്ട കണ്ണിലോടുന്ന ഓട്ടുഗോളത്തേക്കാൾ കമ്പനത്തിൽ ജനന്റെ കൈ വിറച്ചു. മോരിലെ കട്ടയുടച്ച് പച്ചവെള്ളം ചേർത്തിളക്കുമ്പോൾ കല്ലുപ്പുകൾ ഓരോന്നും അടിത്തട്ടിലുറങ്ങാൻ നേരം നോക്കി നിന്നു. ചതച്ച കാന്താരിയും ഇഞ്ചിയും വർത്തുളചലനം നിർത്തി താഴേക്കിറങ്ങുമ്പോൾ അയാൾ പലനിറത്തിലുള്ള പ്ലാസ്റ്റിക് ഗ്ലാസുകളോരോന്നും കഴുകി നിരനിരയായി വെച്ചു. ആട്ടം നിർത്തിയ കോലധാരി പീഠത്തിൽ അമർന്നപ്പോൾ പടിപ്പുരയുടെ വാതിൽക്കൽ ദാഹിച്ച് വലഞ്ഞ കുഞ്ഞുങ്ങൾ എത്തി. കൈവരയിൽ വരമ്പ് കെട്ടിയ മഞ്ഞൾകുറി ഉടുമുണ്ടിന്റെ പിന്നിൽ തുടച്ച് കുട്ടികൾ തിരക്ക് കൂട്ടി. ജനൻ ഉള്ളുകുഴിഞ്ഞ വലിയ തവിയിൽ മോര് നിറച്ച് ഗ്ലാസ്സുകളെ പിന്നെയും പിന്നെയും ഊട്ടിവിട്ടു. ദാഹം തീർന്ന കുട്ടികളൊന്നും മോരുകുടി നിർത്തിയില്ല. തൊണ്ട നനയ്ക്കാൻ ഏന്തി നിന്ന പെണ്ണുങ്ങൾ അവരെ മനസ്സിൽ പ്രാകിക്കൊണ്ട് ഗ്ലാസ് ഒഴിയാൻ കാത്തു നിന്നു. രണ്ടാമത്തെ മൺകുടവും മണ്ണിലേക്കിറക്കി വെക്കുമ്പോൾ മോരുനിറച്ച അടുത്ത കുടം വാല്യക്കാർ അയാളുടെ പാകത്തിന് നീക്കിവെച്ച് കൊടുത്തു.

"ഇനി ബാക്കി വീട്ടില് പോയിറ്റ് കുടിക്ക്. ഇത് നിന്റെ നാലാമത്തെ ഗ്ലാസല്ലേ? ആ പെണ്ണ്ങ്ങളെല്ലും ഒരുമണിക്കൂറായി കാത്ത് നിക്ക്ന്ന്, ദായിച്ചിറ്റ് "

"നാലാമത്തെയൊന്നും ആയിറ്റാട്ടാ. ഇത് മൂന്നാമത്തെത്രേ"


Related Articles