മിന്നാമിന്നിക്കൂട്ടം

Readers Ink

മിന്നാമിന്നിക്കൂട്ടം


കുളിച്ചിട്ട് വന്ന് ചോറ് ചോദിച്ചിട്ടും തരാതെ കുടുംബശ്രീക്ക് ഒരുങ്ങിയിറങ്ങിപ്പോയ അമ്മയോടുള്ള ദേഷ്യം കാല് കയറ്റി വച്ചിരിക്കുന്ന കട്ടളപ്പടിയിലും റിമോട്ടിലും ഞെരിച്ചമർത്തി തീർത്തുകൊണ്ടിരിന്നപ്പോഴാണ് കൊച്ചൂട്ടൻ, പെരട്ടൊണ്ടെന്ന് ഏലാക്കരയില് നിന്ന് കൂവി സിഗ്നലിട്ടത്. ഇടയ്ക്ക് ഉള്ളതാണ് ഈ പെരട്ടും കുടിയും കൂടലും. ഷെയറിട്ടോ, ആരുടെയെങ്കിലും ചെലവായിട്ടോ ഒക്കെ ഇടയ്ക്ക് ഇതുപോലെ ചിക്കനും കപ്പയും പുഴമീനും അങ്ങനെ കിട്ടുന്നത് വച്ച് കൂടാറുണ്ട് ഞങ്ങള്. എന്റെ അമ്മയടക്കം ഇന്നാട്ടിലെ പലർക്കും ഒരു പണിയും ഇല്ലാത്തോമ്മാരുടെ നെഗളിപ്പെന്നും തോന്ന്യാസോന്നും ഒക്കെ തോന്നും. അവരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊക്കെ ഞങ്ങക്ക് വെറും പറന്നു പോകുമ്പോ കൊഴിഞ്ഞു പോണ തൂവല് പോലെയാണ്.

സോമൻ ചേട്ടന്റെ പൂട്ടിക്കിടക്കണ വീട്ടിലാണ് ഞങ്ങള് കൂടിക്കൊണ്ടിരുന്നത്. അവിടാകുമ്പോൾ ആരും ഇല്ല. രാത്രിയെത്ര വൈകിയാലും ഒരു പ്രശ്നവുമില്ല. കുറച്ചു പേർ പാചകം ചെയ്യും. ആ തിരക്കിലും കുപ്പി പൊട്ടിച്ച് ഓരോന്ന് അടിച്ചവർ പാചകക്കാർക്ക് വേണ്ട പാട്ടും കൊട്ടുമായി ഇരുട്ടിലും ഓളങ്ങളുണ്ടാക്കും. മകുടി ഊതിയാപ്പോലും തല പൊക്കാൻ പറ്റാത്തവരും കൂടെയുണ്ടാകും. അവിടെ കിടന്നുറങ്ങും. പിറ്റേന്ന് വെട്ടം വീഴുമ്പോ എണീച്ച് പൊക്കോളും. പക്ഷേ, ഇപ്പൊ അത് പറ്റില്ല. അവിടെ തൊട്ടടുത്ത് ഒരു മാന്യൻ പെണ്ണ് കെട്ടി. രാത്രി ബഹളം പാടില്ലന്നുള്ള ഉത്തരവും കൊണ്ടു വന്നു.

ഉത്തരവ് അങ്ങനെ അനുസരിച്ചു ശീലമില്ലാത്തവരാണ് ഞങ്ങൾ. പക്ഷേ ആള് സ്ഥലത്തെ പുതിയ എസ്.ഐ ആയിപ്പോയി. വെറുതെ എന്തിനാ അയാളുടെ പോലീസ് സ്റ്റേഷനിൽ കേറി തല്ല് വാങ്ങി കൂട്ടുന്നതെന്ന് വച്ചിട്ടാണ് കുറച്ച് കാലം പെരട്ട് ഇല്ലാതിരുന്നത്. എന്നിട്ടും ഷിബുയേട്ടൻ അയാളോട് കൊമ്പ് കോർക്കാൻ പോയി. അയാളുടെ വീടിന്റെ ഗേറ്റിന് മുന്നില് തന്നെ വാളും പരിചയും വച്ച് കീഴടങ്ങി. അതിന്റെ ഉഴിച്ചിൽ കഴിഞ്ഞ് വന്നതിന്റെ ചെലവാണിന്ന്.


Related Articles