സുധീർ ഭാര്യ രേഖയും നാലു വയസുകാരൻ റാമുമായി ശ്രീമംഗലം എന്ന കൊച്ചു വീട്ടിലേക്ക് താമസം മാറുമ്പോൾ ഉള്ളിൽ ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, കണ്ണീരിന്റെയും കഷ്ടപ്പാടുകളുടെയും ഉപ്പുരസം കലരാത്ത ഒരു പുതിയ ജീവിതം. ആ സ്വപ്നത്തിനായിട്ടാണ് ഉണ്ടായിരുന്ന പൊന്നെല്ലാം വിറ്റും ബാങ്കുലോണെടുത്തും ചെറിയ പൂന്തോട്ടം പച്ചക്കറിത്തോട്ടവും ഒക്കെ ഉൾക്കൊണ്ട പതിനഞ്ചു സെന്റിലെ ആ കൊച്ചു പറുദീസ അവർ സ്വന്തമാക്കിയത്. ജംഗ്ഷനിലെ ബേക്കറിയിലെ മധുരമായിരുന്നു ആ കുടുംബത്തിന്റെ ആകെ വരുമാനം. ജീവിതവും മധുരപൂർണ്ണമാകണമെന്ന് അവർ ആഗ്രഹിച്ചു.
വീട്ടു ചെലവുകളുടെയും ബാങ്ക് വായ്പയുടെയും കയ്പ്പേറിയ കണക്കുകൾ പ്രശ്നങ്ങളായി അവതരിച്ചു തുടങ്ങിയപ്പോൾ പെട്ടെന്നുള്ള ധനലാഭത്തിനായി സുധീർ ലോട്ടറിയെന്ന ഭാഗ്യദേവതയെ ശരണം പ്രാപിച്ചു. പിന്നീട് അങ്ങോട്ട് അതിരാവിലെ പത്രം എടുത്ത് ലോട്ടറി ഫലം നോക്കാതെ സമാധാനം കിട്ടില്ലെന്നായി സുധീറിന്. പുലർച്ചെ പത്രം വരുന്നതും കാത്ത് അയാൾ ഉമ്മറത്ത് അക്ഷമനായി ഇരിക്കും. ലോട്ടറി ഫലം നോക്കി നിരാശയാൽ ചുരുട്ടിക്കൂട്ടിയ പത്രം കൈവെള്ളയിൽ ഒതുക്കിയാണ് അയാൾ അകത്തേക്ക് കയറുക.
"നിങ്ങളുടെ പ്രതീക്ഷകൾ പോലെ തന്നെയാണ് ഈ പത്രവും; നിവർത്തിയാലും നേരെയാകാത്ത അത്യാഗ്രഹത്തിന്റെ ചുളിവുകൾ!" - രേഖയുടെ വാക്കുകളിൽ പരിഹാസത്തേക്കാൾ കൂടുതൽ ആശങ്കയായിരുന്നു. ആ ചുളിവുകൾ തന്റെ കുടുംബത്തിന്റെ സമാധാനത്തെയും ചുരുട്ടിക്കളയുമെന്ന് അവൾ ഭയപ്പെട്ടു.
