ഷബാനയുടെയും തെരേസയുടെയും കഥ

Readers Ink

ഷബാനയുടെയും തെരേസയുടെയും കഥ


അപ്പാപ്പൻ, അതായത് എന്റെ പപ്പയുടെ പിതാവ് 'പ്രൊഫസർ കോര മുതലമട' എന്നും എനിക്കൊരു വിസ്മയമായിരുന്നു. അടുത്ത മേടത്തിൽ എൺപത്തിയൊൻപത് തികയുമെങ്കിലും അപ്പാപ്പൻ പൂർണ്ണ ആരോഗ്യവാനാണ്. ആറടി പൊക്കവും അതിനൊത്ത ശരീരവുമുള്ള ഒത്ത ഒരു മനുഷ്യൻ. 

സർക്കാർ കോളേജ് പ്രിൻസിപ്പലായി വിരമിച്ചതാണ് അപ്പാപ്പൻ. മാത്രമല്ല, മലയാള സാഹിത്യത്തിലെ അറിയപ്പെടുന്ന നിരൂപകനുമാണ്. ശ്രദ്ധേയമായ പതിനൊന്നു നിരൂപണഗ്രന്ഥങ്ങൾ അപ്പാപ്പൻ മലയാളസാഹിത്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. അപ്പാപ്പന്റെ ഒരു പുസ്തകം'ആശാന്റെ കാവ്യലോകത്തെക്കുറിച്ചുള്ളത്'എനിക്ക് കോളേജിൽ പഠിക്കാനുമുണ്ട്. 

അപ്പാപ്പന്റെ മുറി വെറുമൊരു കിടപ്പുമുറിയല്ല. വിശാലമായ ഒരു ലൈബ്രറി തന്നെയാണെന്ന് ആ മുറിയിൽ കയറുമ്പോളൊക്കെ ഞാൻ ഓർക്കാറുണ്ട്. മതിലുകൾ മുഴുവൻ റാക്കുകൾ. റാക്കുകളിൽ തിങ്ങിനിറഞ്ഞ് പുസ്തകങ്ങൾ. മലയാളവും ഇംഗ്ലീഷും. 'കമ്പരാമായണം മുതൽ ആറ്റമിക് എനർജി' വരെ നീളുന്നു അപ്പാപ്പന്റെ വായന.

ലോകസാഹിത്യത്തിലെ ഇലയനക്കങ്ങൾ പോലും അപ്പാപ്പനറിഞ്ഞു. വായിച്ച കഥകളെക്കുറിച്ചും നോവലുകളെക്കുറിച്ചും വാരികയിൽ സ്ഥിരമായി കോളങ്ങൾ എഴുതി.  എന്റെ പപ്പ അരുൺ എം കോരയും കോളേജ് അദ്ധ്യാപകനായി വിരമിച്ചതാണ്. പപ്പയും അപ്പാപ്പനെപ്പോലെ തന്നെ നല്ലൊരു പുസ്തകപ്പുഴുവാണ്. ഏതെങ്കിലുമൊരു പുസ്തകവുമായി മുന്നിലെ സോഫയിൽ ചടഞ്ഞിരിക്കുന്നത് കാണാം. ചിലപ്പോൾ പാതിവായിച്ച പുസ്തകം നെഞ്ചിൽ കമഴ്ത്തിവച്ച് ജനാലയിലൂടെ ദൃശ്യമായ ആകാശച്ചതുരം നോക്കി ഏറെനേരം ഇരിക്കും. എന്നാൽ ഒരു വരിപോലും എഴുതുന്നതോ, ഒരു കവിത മൂളുന്നതോ ഞാൻ കണ്ടിട്ടില്ല. അതിനെക്കുറിച്ച് ഒന്നുരണ്ടുവട്ടം ചോദിച്ചപ്പോൾ പപ്പ ആ ചോദ്യത്തെ നിസ്സാരമായി ചിരിച്ചുതള്ളുകയാണ് ചെയ്തത്.


Related Articles