നീര്‍ക്കോലി

Readers Ink

നീര്‍ക്കോലി


നേരം പാതിരാത്രിയോടടുത്തു. ചേച്ചി വീണ്ടും എഴുന്നേറ്റു ജനാലയിലൂടെ പുറത്തേക്ക്‌ കണ്ണോടിച്ചു. ആ പമ്പ് സെറ്റ് അവിടെ തന്നെ ഉണ്ടെന്ന് ഒന്നുകൂടി ഉറപ്പു വരുത്തി.

"മണി ഒന്ന് ആയിട്ടേ ഉള്ളു. നേരം വെളുക്കാന്‍ ഇനിയും ഉണ്ട് നാലഞ്ച് മണിക്കൂര്‍. കിടന്നിട്ടാണെങ്കിൽ ഉറക്കവും വരുന്നില്ല. ആകെ ഒരു പരവേശം. ഒന്ന് വേഗം നേരം വെളുത്തിരുന്നെങ്കിൽ കുളം വറ്റിച്ച് മത്സ്യകൃഷിയുടെ വിളവ് എടുക്കാമായിരുന്നു. വാടകയ്ക്ക് എടുത്തു കൊണ്ട്‌ വെച്ച ആ പമ്പ് സെറ്റെങ്ങാനും വല്ലവനും കട്ടോണ്ട് പോയാൽ പിന്നെ ദാമോദരേട്ടനോട് ഞാൻ എന്ത് പറയും? അപ്പുറത്തെ അമ്മിണി ചേടത്തിയുടെ പശൂനെ കൊണ്ട്‌ പോയവന്‍മാർ എങ്ങാനും ഈ വഴി വന്നാല്‍, ഈശ്വരാ എനിക്ക് ചിന്തിക്കാന്‍ പോലും വയ്യാ.. ഹോ, ഒന്ന് വേഗം നേരം വെളുത്തിരുന്നെങ്കിൽ. ഇങ്ങേര്ക്ക് ഇത് വല്ലതും അറിയണോ.?"

ഈ വക ടെന്‍ഷന്‍ ഒന്നും ഇല്ലാതെ ഒരു കുഞ്ഞിനെ പോലെ സുഖമായി കിടന്നുറങ്ങുന്ന ചേട്ടനെ നോക്കി ചേച്ചി പിറുപിറുത്തു. വെപ്രാളം കാരണം കിടക്കാനും വയ്യാ, ഇരിക്കാനും വയ്യാ. എന്നാല്‍ ഒന്ന് നടന്നു നോക്കാം എന്ന് കരുതിയപ്പൊ, ദേ വന്നു അസമയത്ത് ഒരു ശങ്ക. ടെന്‍ഷന്‍ കൂടിയാല്‍, അത് ആദ്യം ബാധിക്കുക വയറ്റിലാണ് എന്നാണ്‌ വൈദ്യശാസ്ത്രം പറയുന്നത്. പഴയ തറവാടായതുകൊണ്ടു തന്നെ കക്കൂസും കുളിമുറിയും ഒക്കെ പുറത്താണ്. ദിവസം മുഴുവന്‍ ഓട്ടോ ഓടിച്ചിട്ടു ക്ഷീണിച്ചു വന്നു കിടക്കുന്ന ചേട്ടനെ വിളിച്ചു ഉണര്‍ത്തിയാല്‍, ഈ വീട്ടിലുള്ളവരുടെ മുഴുവന്‍ ഉറക്കവും പോകും. ഒരു ഒച്ചപ്പാടായി അത് മാറും എന്ന് അറിയാവുന്നതുകൊണ്ട്‌ ടോർച്ചും എടുത്തു തനിയേ പുറത്തേക്ക്‌ ഇറങ്ങി. പമ്പ് സെറ്റ് അവിടെ ഉണ്ടെന്ന് ഉറപ്പിക്കുകയും ചെയ്യാമല്ലോ.


Related Articles