മാസം ഒന്നു കഴിഞ്ഞിട്ടും ആ അപരിചിതത്വം അജിത്തിനെ ഒരു നിഴൽ പോലെ പിന്തുടർന്നുകൊണ്ടേയിരുന്നു. ഒരു വ്യാഴവട്ടത്തിലേറെ ഒരേ കസേരയിൽ, വീടിന്റെ ഉമ്മറത്തുനിന്ന് വെറും അഞ്ചു കിലോമീറ്റർ ദൂരെയുള്ള ഓഫീസിൽ വേരുകളാഴ്ത്തി ഇരുന്നിരുന്ന ഒരാൾക്ക്, പെട്ടെന്നൊരു സുപ്രഭാതത്തിൽ മറ്റൊരു ജില്ലയിലേക്കുള്ള പറിച്ചുനടീൽ അത്ര എളുപ്പത്തിൽ ഉൾക്കൊള്ളാനാവുമായിരുന്നില്ല. പ്രൊഫസർ ഗോപാലകൃഷ്ണൻ സാർ ഒരിക്കൽ പറഞ്ഞതുപോലെ, അജിത്ത് അത്രമേൽ ആ ഓഫീസുമായി 'ഇൻസ്റ്റിറ്റ്യൂഷണലൈസ്' ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു.
പഴയ ശീലങ്ങളെല്ലാം അജിത്തിന് പാടെ ഉപേക്ഷിക്കേണ്ടി വന്നു. കാറ്റേറ്റ് ബൈക്കിൽ മാത്രം യാത്ര ചെയ്തിരുന്ന അയാൾക്കിന്ന് ട്രെയിനിലെ തിരക്കുകൾക്കിടയിൽ ശ്വാസം മുട്ടേണ്ടി വരുന്നു. ഓരോ ദിവസവും ഇന്റർസിറ്റി ട്രെയിൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തുമ്പോൾ, അണക്കെട്ട് തുറന്നാൽ പുറത്തേക്ക് ഇരമ്പുന്ന വെള്ളം പോലെ പ്ലാറ്റ്‌ഫോമിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന ജനപ്രവാഹത്തിൽ അജിത്ത് ഒരു തുരുത്തുപോലെ ഒറ്റപ്പെട്ടു നിൽക്കും.
അവിടുന്ന് തമ്പാനൂരിലെ തിരക്കിനിടയിലൂടെ കിതച്ചുകൊണ്ട് പേരൂർക്കട ബസ് പിടിക്കാനുള്ള ഓട്ടം അയാൾക്ക് മറ്റൊരു വെല്ലുവിളിയാണ്. ആളുകളെ കുത്തിനിറച്ച ഏതെങ്കിലും വേണാട് ബസിന്റെ കമ്പിയിൽ തൂങ്ങിക്കിടക്കുമ്പോൾ, തന്റെ പഴയ ബൈക്ക് യാത്രകളെ അയാൾ ഓർക്കും. ബസ് ബേക്കറി ജംഗ്ഷൻ കഴിഞ്ഞ് പാളയം വഴി പബ്ലിക് ഓഫീസിനു മുന്നിലെത്തുമ്പോഴേക്കും ഒഴിവു വരുന്ന അരഡസൻ സീറ്റിൽ ഒന്നിൽ ഇരിക്കുമ്പോൾ ആയിരിക്കും അയാളുടെ ഹെഡ്‌സെറ്റിൽ പ്ലേ ചെയ്തു കൊണ്ടിരുന്ന കെ കെ ഹിറ്റ്സ് ചാർട്ട് പകുതിയും കഴിഞ്ഞിട്ടുണ്ടാകുമെന്നുള്ള കാര്യം ശ്രദ്ധിക്കുക.
