രണ്ട് വെള്ളിരൂപാ നാണയങ്ങൾ

Readers Ink

രണ്ട് വെള്ളിരൂപാ നാണയങ്ങൾ


പാടവരമ്പിലൂടെ വാഴയില ചൂടി മഴയിൽ നിന്ന് തലമാത്രം മറച്ചുള്ള സ്കൂളിലേക്കുള്ള ആ യാത്രയിൽ ഞങ്ങൾ നാല് പേർ നനഞ്ഞിരുന്നില്ലെങ്കിലും ഉടലാകെ നക്കി തുടച്ച് മഴയും കാറ്റും. അതൊരു മധുരമുള്ള യാത്ര ആയിരുന്നു. കാലം പോകുംതോറും മധുരമോലുന്ന ഓർമ്മ. ഇനി കഴിയില്ല എന്നറിവ് പറയുമ്പോഴും ഒന്നുകൂടി കഴിഞ്ഞിരുന്നെങ്കിൽ എന്ന് വെറുതെ തോന്നിപ്പോകുന്നു. അന്നവർ മൂന്നാം ക്ലാസിൽ, ഞാൻ നാലിൽ അവളുടെ അനുജൻ ഒന്നിലും, അവളുടെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേയ്ക്ക് അരകിലോമീറ്റർ ദൂരം.അവളുടെ വീട്ടിൽ നിന്ന് ഒരു ചെറു കുന്നിറങ്ങി പിന്നൊരു കുന്നു കയറി വന്നാൽ എന്റെ വീടായി. എന്റെ വീട്ടിൽ നിന്ന് ഒരു കുന്നിറങ്ങി മറ്റൊരു കുന്നു കയറി ചെന്നാൽ അവളുടെ വീടായി.

മൺകട്ട കെട്ടി, പുല്ലുമേഞ്ഞ രണ്ടു വീടുകൾ, എന്റെ വീടു കഴിഞ്ഞ് സർക്കാർ വക പള്ളിക്കൂടത്തിലേയ്ക്ക് പാടവരമ്പും, മൺ പാതയും, ടാറിട്ട കറുത്ത വഴിയും പിന്നിട്ട് ഒന്നര കിലോമീറ്ററോളം നടക്കണം. ഞങ്ങളാരും കുടയുള്ള സമ്പന്നരായിരുന്നില്ല. ഒരു കുട ആരുടെ എങ്കിലും കൈവശം കാണുന്നതു തന്നെ വലിയ സന്തോഷവും അത്ഭുതവും തന്നു.

“നിനക്കാരാകണോന്നാ..?" ഒരിക്കൽ ഒരു വരമ്പ് ചാടിക്കടക്കുമ്പോൾ അവൾ എന്നോട് ചോദിച്ചു. കാലുതെന്നി ചെളിവെള്ളത്തിൽ വീഴുമോയെന്ന ഭയത്തിനൊപ്പം പോയി അവളുടെ ചോദ്യത്തിന്റെ പാതി.


Related Articles