ആകാശത്ത് മൂടി കിടന്ന കാർമേഘത്തിൽ ആരോ കൊത്തിവെച്ച ദ്വാരങ്ങളിലൂടെ മഴ പൊട്ടിയൊലിച്ച് ഭൂമിയെ ചുംബിച്ചു കൊണ്ടിരുന്നു. സമയം വൈകുന്നേരം അഞ്ചേമുക്കാൽ. സൂര്യനെ മറച്ചുവച്ചിരിക്കുന്നു. അതാണ് ചുറ്റും ഇരുണ്ടിരിക്കുന്നത്.
മണിക്കൂർ ഒന്നായി ബസ്സ് കയറ്റം കയറി ബ്ലോക്കിൽപ്പെടാൻ തുടങ്ങിയിട്ട്. ട്രെയിനിൻ്റെ ഓരോ ബോഗികൾ പോലെ, മുന്നിലും പിന്നിലുമായി ഓരോ കമ്പനികളുടെ വ്യത്യസ്ത വണ്ടികളുണ്ട്. ബസ്സിൻ്റെ ഇടത്തെ ഭാഗത്തെ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി. മരങ്ങൾക്ക് പിന്നിലായി രണ്ട് മലകൾ ഒളിഞ്ഞിരിപ്പുണ്ട്. ചെറിയ വിടവിലൂടെ നോക്കണം. രണ്ട് വർഷം മുമ്പ് പാലക്കാട് അമ്പലപ്പാറ കയറി പോവുമ്പോൾ കണ്ട അതേ മുഖഛായ. ഇത്തിരി വെളുത്തിരിക്കുന്നുവെന്ന് മാത്രം.
ഏകദേശം രണ്ട് കൊല്ലം മുമ്പ് പാലക്കാട് ഗവൺമെൻ്റ് കോളേജിൽ പഠിക്കുന്ന കാലത്ത് അമ്പലപ്പാറയിലേയ്ക്ക് നവീനെയും, ജിഷ്ണുവിനേയും കൂട്ടി യാത്ര പോയത്. മലയുടെ മുകളിലൂടെ കീറിമുറിച്ച് ടാറ് ചെയ്ത റോഡിലൂടെ പ്ലാറ്റിനം ബൈക്കുമായിട്ട് മുന്നോട്ട്. അത്യാവശ്യം നല്ല മൈലേജുള്ളതു കൊണ്ട് മൂന്ന് പേരും മൂവാരത്തിയഞ്ഞൂറ് രൂപ വീതം പിരിച്ചെടുത്ത് വാങ്ങിയതാണ് പ്ലാറ്റിന.
