കുടിച്ചു കഴിഞ്ഞാൽ ചായ ഗ്ലാസ് അമ്മ തിരികെ കൊണ്ടുപോകാറാണ് പതിവ്. ഇന്ന് അമ്മയില്ലാത്തതുകൊണ്ട് വായിച്ചു കൊണ്ടിരുന്ന പുസ്തകം ബുക്ക് മാർക്ക് വച്ച് അടച്ച് ഗ്ലാസുമായി അടുക്കളയിലേക്കു നടന്നു. ഉച്ചമയക്കത്തിൽ അമ്മ വന്ന് തട്ടിവിളിച്ച കാര്യം നേരിയ പ്രകാശം പോലെ അപ്പോൾ ഓർമ വന്നു. അമ്മയുടെ ബന്ധത്തിലുള്ള ശാരദാന്റിയുടെ മകൾ ദേവികയെ പ്രസവവേദന മൂലം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. ധൃതിയിൽ ഇറങ്ങിപ്പോകുന്നതിനു മുമ്പ് എന്നെ വിളിച്ചുണർത്താൻ അമ്മ നടത്തിയ വിഫല ശ്രമത്തിനിടയിൽ അവ്യക്തമായി കേട്ടതാണ്. ദീപക്കും ദിയയുമാണ് അമ്മയെ കൊണ്ടുപോയത്.
ചായഗ്ലാസ് അല്പം വെള്ളമൊഴിച്ച് സിങ്കിനടുത്തുള്ള പാത്രത്തിൽ വച്ചാൽ മതി. അമ്മ വന്ന് കഴുകിക്കൊള്ളും. എങ്ങാനും ഒരു സഹായമെന്നു കരുതി കഴുകി വച്ചാൽ, പിന്നീട് വരുമ്പോൾ ‘സിങ്ക് മുഴുവൻ വൃത്തികേടാണ്, ടാപ്പിൽ സോപ്പുംപത പറ്റിയിരിക്കുന്നു’ എന്നൊക്കെ നൂറുകൂട്ടം പരാതികളുമായി അമ്മ വരും. അല്ലെങ്കിലും അടുക്കളയുമായി കാര്യമായൊരു ബന്ധം പുലർത്താൻ എനിക്കിതു വരെ കഴിഞ്ഞിട്ടില്ല. അത് അമ്മയുടെ ‘ടെറിട്ടറി' ആണ്.
പലപ്പോഴും തോന്നിയിട്ടുണ്ട്. അമ്മമാരൊക്കെ പൂച്ചകളെപ്പോലെയാണെന്ന്. വീടിനെയും പരിസരത്തെയും പറ്റി നല്ല ബോധവതികളാണവർ. വീട്ടിനുളളിലെ ഓരോ വസ്തുവിനെപ്പറ്റിയും അവർക്ക് വ്യക്തമായ ധാരണയുണ്ട്. പ്രത്യേകിച്ച് അടുക്കളയെപ്പറ്റി. അത് അവരുടെ ‘ടെറിട്ടറി’യിലെ ‘മെയിൻ സ്പോട്ട് ’ ആണ്. അമ്മയുള്ളപ്പോൾ അടുക്കളയിൽ കയറുന്നതു പോലെ അമ്മയില്ലാത്തപ്പോൾ കയറുന്നത് എന്നെ സംബന്ധിച്ചിടത്തോളം അതിർത്തി കടക്കുന്നതിന് സമമാണ്. ഒരു പൂച്ച തന്റെ ടെറിട്ടറിയിൽ അതിക്രമിച്ചു കയറുന്ന മറ്റൊരു പൂച്ചയെ വെറുതെ വിടാത്തതു പോലെ അമ്മ എന്നെയും വെറുതെ വിടാറില്ല.
