ഓര്‍മ്മകള്‍ കാരമുള്ളുപോലെ ഹൃദയത്തെ കുത്തിക്കീറുന്നുണ്ടെങ്കിലും അതിന്റെ വേദന ഒരിറ്റു കണ്ണുനീരായി പോലും പുറത്തു വരാതിരിക്കാന്‍ നീഹാരിക ശ്രദ്ധിച്ചു. എങ്കിലും ആത്മാവ് ഒരു ഗൂഢ പ്രലാപത്തിലേക്കാഴ്ന്നു കൊണ്ടിരുന്നു. നേരെ മുന്നിലുള്ള കോണ്‍ക്രീറ്റു കുരിശിനു മുകളിലെ ഉരുകിയൊലിച്ചിറങ്ങിയ മെഴുകുതിരിയുടെ പാടുകള്‍ അവളുടെ പുറത്തുവരാത്ത കണ്ണുനീര്‍ പോലെ മാര്‍ബിള്‍ കല്ലിനു പുറത്തെ അവന്റെ പേരിനു മുകളില്‍ ഉറഞ്ഞു കിടന്നു. അത് ഇളക്കി മാറ്റാനായി അവള്‍ മുന്നോട്ടാഞ്ഞു. അപ്രതീക്ഷിത ചലനത്തില്‍ പരിഭ്രമിച്ചെങ്കിലും ദിയ അവളെ തടഞ്ഞില്ല. 'എന്തെങ്കിലുമാകട്ടെ' എന്ന അര്‍ത്ഥത്തില്‍ ഒരു ദീര്‍ഘ നിശ്വാസം മാത്രം അവളില്‍ നിന്നുതിര്‍ന്നു.
തിരികെ കാറിലേക്കു കയറുമ്പോള്‍ എപ്പോഴും കൈയില്‍ കരുതാറുള്ള ഹാന്‍ഡ് ബാഗിനായി അവള്‍ പരതി. പിന്‍സീറ്റിലേക്കു തിരിഞ്ഞ നീഹാരികയെ കാത്ത് അവിടെ ഒരു രജിസ്റ്റര്‍ഡ് പോസ്റ്റ് കവര്‍ ഉണ്ടായിരുന്നു. രണ്ടു ദിവസം മുമ്പ് അഖില്‍ അയച്ചതാണ് അതെന്ന് അവളോര്‍ത്തു. പൊട്ടിച്ചു നോക്കിയപ്പോള്‍ ഒരു പുസ്തകമാണ്. അവന്‍ അങ്ങനെയായിരുന്നു. പുസ്തകങ്ങളോടും ദൈവത്തോടും മാത്രമായിരുന്നു അവന് പ്രണയം. എല്ലാം വിട്ടെറിഞ്ഞ് പൗരോഹിത്യത്തിനു വേണ്ടി പോയതായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് അവസാനമായി തമ്മില്‍ കണ്ടപ്പോള്‍ അവന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്.
'ഇനി നമ്മള്‍ തമ്മില്‍ ഒരിക്കലും കണ്ടെന്നു വരില്ല. പക്ഷേ, ഹൃദയത്തില്‍ എപ്പോഴും നിന്നെ ഞാന്‍ കണ്ടു കൊണ്ടിരിക്കും, മറക്കില്ല'.
