അയനം

Readers Ink

അയനം


ഒരുപക്ഷേ ഞാനുണർന്നിരുന്നെങ്കിൽ കാട്, പക്ഷികൾ, ചിത്രശലഭങ്ങൾ! കാഴ്ചകൾ നഷ്ടമാകുമായിരുന്നു. അതുകൊണ്ട് തന്നെ എൻ്റെ തോളിൽ ചാരിയിരുന്നയാളെ ഉണർത്താൻ ശ്രമിക്കാതെ ഞാനും കാത്തിരുന്നു. ഒരു യാത്ര! വടക്കുള്ള ദേവാലയങ്ങളൊക്കെ സന്ദർശിച്ച് ഹിമാലയം വരെയെത്തണം. കാശി വാരണാസി ഒക്കെ മോഹമായി തുടങ്ങിയിട്ട് നാളുകളായിരുന്നു. ഗംഗാനദിക്കരയിൽ കത്തിയെരിയുന്ന ചിതകൾ. മന്ത്രോച്ഛാരണങ്ങൾ മുഴക്കി തിരക്കിട്ട് സഞ്ചരിക്കുന്ന അഘോരി സന്യാസികൾ! സ്വപ്നങ്ങളിലിതെല്ലാം കൂടുകൂട്ടി. ഹിമാലയൻ മലനിരകളിലെത്തി മരണം പുൽകിയവരുടെ ശരീരങ്ങൾ വർഷങ്ങളായവിടെ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അതുപോലെയാകണം. അതിനായാണ് യാത്ര, ഒരു തരത്തിൽ പറഞ്ഞാൽ ആത്മഹത്യ തന്നെയാണ്. അല്ലെങ്കിലും ലൗകിക സുഖങ്ങളെല്ലാം മായയാണെന്ന് തോന്നിത്തുടങ്ങിയിരുന്നു. ദൈവസന്നിധിയെന്ന സങ്കൽപ്പത്തിലെത്തിച്ചേരണം. മോക്ഷപ്രാപ്തി നേടണം.ദൈവദർശനം നേടണം. അങ്ങനെയായിരുന്നു ലക്ഷ്യം.

ബസിനുള്ളിൽ രണ്ടുപേർക്കിരിക്കാൻ കഴിയുന്ന വിൻഡോ സീറ്റാണ് ലഭിച്ചത്. നന്നായെന്ന് തോന്നി, കാഴ്ചകളെല്ലാം കാണാമല്ലോ! ഏതോ ഒരു സ്ഥലത്തെത്തുമ്പോൾ മറ്റൊരാൾ കയറുമെന്നും ആ ഒരാളുടെ സീറ്റാണതെന്നും കണ്ടക്ടർ പറഞ്ഞിരുന്നു. സ്ഥലപ്പേര് പരിചിതമായിരുന്നെങ്കിലും ഞാനത് ഓർമ്മയിൽ സൂക്ഷിക്കാനാഗ്രഹിച്ചില്ല. ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് വാങ്ങി നോക്കി കണ്ടക്ടർ സംശയത്തോടെ നോക്കി. പേര് കണ്ടിട്ടാകണം! അല്ലെങ്കിൽ വേഷം. കൈയ്യിലുണ്ടായിരുന്ന സഞ്ചിയിലേക്കാണ് പിന്നെ അയാളുടെ കണ്ണുകളെത്തിയത്. ഞാനത് തുറന്നു കാണിച്ചു. 'ബോംബൊന്നുമല്ല.' മനസ്സിൽ പറഞ്ഞു. ചെറിയൊരു തുണിസഞ്ചിയാണ്. മുഷിയുമ്പോൾ മാറ്റാനായി ഒന്നുരണ്ടു വസ്ത്രങ്ങൾ, ഓർമ്മകളടങ്ങിയ ചെറിയ മൂന്ന് പുസ്തകങ്ങൾ, കൂടുതലെടുക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ലായിരുന്നു, അത്രയും ഭാരം ചുമക്കാൻ വയ്യ. വർഷങ്ങളായി പേറിയ ഭാരങ്ങൾ. എല്ലാം പുറകിലുപേക്ഷിച്ചു. ഇനി പരിത്യാഗത്തിലേക്കുള്ള സഞ്ചാരമാണ്.

ഞാൻ പോകുകയാണെന്ന ആവശ്യം പറഞ്ഞപ്പോൾ ആരും എതിർത്തില്ല. എവിടേക്കെന്നുള്ള ചോദ്യത്തിന് സ്വാതന്ത്ര്യത്തിലേക്കെന്നായിരുന്നു മറുപടി. മക്കളും മരുമക്കളും അതിശയത്തോടെ നോക്കുന്നതു കണ്ടു. എനിക്ക് അത്ഭുതമൊന്നുമുണ്ടായില്ല. വൈകിപ്പോയെന്ന തോന്നൽ മാത്രമാണുണ്ടായിരുന്നത്. ജീവിതത്തിൽ 'സമയം' പോലെ വിലപ്പെട്ട മറ്റൊന്നുമില്ലെന്ന തിരിച്ചറിവായിരുന്നു.രാവിലെ ഉണർന്നു, ജോലികളെല്ലാം തീർത്തു. പടികൾ ഇറങ്ങാൻ നേരം ഭക്ഷണമെടുത്ത് വച്ചിട്ടുണ്ട്, മരുന്നുകൾ എല്ലാം സമയത്തെടുത്ത് കഴിക്കണം എന്നോർമ്മിപ്പിച്ചു. കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. കവിളുകളിലൊന്ന് തലോടി. പൊയ്ക്കോട്ടെ എന്ന ചോദ്യവും മൗനാനുവാദവും പങ്കുവച്ചു. പടിപ്പുര കടക്കുമ്പോൾ ഒന്നുകൂടെ തിരിഞ്ഞുനോക്കി. കണ്ണുകൾ നിറഞ്ഞതുകൊണ്ട് കാഴ്ച വ്യക്തമായില്ല. നിറംമങ്ങിയ ചിത്രങ്ങളായി ഏതൊക്കൊയോ നിഴൽരൂപങ്ങൾ അവിടെ നോക്കി നിൽക്കുന്നതായി സങ്കൽപ്പിച്ചു. ഓർമ്മകളെ പുറംതള്ളി ബസ് മുന്നിലേക്ക് പൊയ്ക്കൊണ്ടിരുന്നു. ഓടിമറയുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ കഴിഞ്ഞ് എപ്പൊഴോ പച്ചപ്പ് നിറഞ്ഞ കാട്ടിനുള്ളിലേക്ക് കയറി.


Related Articles