ജീവിതവ്യഥകളും ഉത്കണ്ഠകളും വൈകൃതങ്ങളും സാഹിത്യഭാഷയുടെ ആർഭാടമില്ലാതെ പച്ചയായി വായിക്കുമ്പോൾ സാധാരണക്കാർക്ക് ആവേശം കൂടും. വായനക്കാരുടെ പൾസ് മനസ്സിലാക്കി, വായിക്കപ്പെടുമെന്ന ബോധ്യത്തോടെ അത്തരം രചനകൾ വായനക്കാർക്ക് നൽകുന്നതിൽ എഴുത്തുകാരുടെ ഒരു തരം കുബുദ്ധിയും പ്രവർത്തിക്കുന്നുണ്ടെന്ന് ഞാൻ ഉറപ്പിച്ചു പറയും. ഒരു പുസ്തകം... അതിന്റെ റിവ്യൂ... അതിലെ ഒരു കമന്റ്... മതി... ധാരാളം...ആവശ്യക്കാർ തിരഞ്ഞുചെന്ന് പുസ്തകം കൈയിലെടുക്കും. അങ്ങനെയാണ് പി ജിംഷാർ എഴുതിയ ലൈലാക്കുൽസു എന്റെ കൈയിൽ എത്തിച്ചേർന്നത്. തിരഞ്ഞുപോയി വാങ്ങിയതാണ്. വിലയോ തുച്ഛം ഗുണമോ മെച്ചം--ആ ഒരു ലൈനിൽ ആണ് ഈ പുസ്തകം.
പുസ്തകത്തിന്റെ ആമുഖവും അവതാരികയും തന്നെ കൈയിലിരുന്ന് ഒരു പിടപിടച്ചു. അത് തന്നെ ധാരാളമായിരുന്നു മുന്നോട്ടുള്ള വായനക്ക്. വായനക്കാരുടെ ചിന്തകളെ വിലക്കെടുക്കുന്ന എഴുത്തുകാരന്റെ സമീപനം തുടക്കത്തിൽ തന്നെ വായനയെ രസകരമാക്കി. എഴുത്തുകാരന്റെ സിനിമയോടുള്ള അഭിനിവേശം വ്യക്തമാണ്.
'അധികാരം നഷ്ടപ്പെട്ട സ്രഷ്ടാവും കഥാപാത്രങ്ങളും' എന്ന കഥയില്‍ കഥക്കുള്ളിൽ ഒരു കഥയും അതിൽ ഒരു ഫ്ലാഷ്ബാക്കുമാണ്. ഫ്ലാഷ്ബാക്കിൽ പിന്നെയും ഫ്ലാഷ്ബാക്കുകൾ. സിനിമയിലെ കഥാപാത്രങ്ങൾ കഥയിൽ കേറിമേഞ്ഞപ്പോൾ കഥാപാത്രങ്ങൾ അഴിഞ്ഞാടി തകർക്കുന്ന ഗംഭീര എഴുത്ത്. കഥയിലൊരിടത്ത് ഫോറിനേഴ്സ് ഒപ്പന കളിക്കുന്നതിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. 'അതെന്താടോ ജിംഷാറെ ഫോറിനേർസ് വന്നൊപ്പനകളിച്ചാൽ എന്താ കുഴപ്പം' എന്നൊരു ചോദ്യം ചോദിച്ച് ആ കഥ വായിച്ച് അവസാനിപ്പിച്ചു. എന്നാൽ എഴുത്തുകാരൻ കൊരുത്തുവച്ച അക്ഷരങ്ങളുടെ ചങ്ങലക്കമ്പികൾക്ക് വായനക്കിടയിൽ ബലം കൂടുന്നത് അറിയുകയും ചെയ്തു. ജിംഷാർ എഴുത്തിൽ മിതത്വം കൊണ്ടുവരുന്നത് വായനക്കാരുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണ്. ആ മിതത്വത്തിൽ ഒളിഞ്ഞിരിക്കുന്നത് സ്ഫോടനാത്മകമായ അർത്ഥതലങ്ങളാണ്.
