സ്നേഹത്തിന്റെ പേരുള്ള വണ്ടി

Readers Ink

സ്നേഹത്തിന്റെ പേരുള്ള വണ്ടി


അങ്ങനെയിരിക്കേ, ഒരു ദിവസം
വണ്ടികളെ മനുഷ്യര്‍ പേരിട്ടു വിളിച്ചു.
ചെല്ലമായ പേരുകളില്‍
വണ്ടികള്‍ നിര്‍ത്താതെയോടി.

പ്രേമമുണ്ടായിരുന്നവളുടെ
പേരില്‍ കാറിനെ
അച്ഛന്റെ പേരിട്ട് ബസ്സിനെ
ചിലപ്പോള്‍ അമ്മ എന്ന് മാത്രമായി
ദൈവങ്ങളുടെ പല പേരുകളില്‍
ഓടുന്ന വണ്ടിയെ കൂട്ടി പറഞ്ഞു.

എന്ത് സ്നേഹമായിരുന്നെന്നോ!
മണ്ണിന്റെ ഒരു തരി വീഴാതെ
പൊടി പറ്റി പഴയതെന്നു പറയിക്കാതെ
വെയിലും മഴയും കൊള്ളിക്കാതെ
ഊറ്റമൊരിക്കലും വറ്റിപ്പോകാതെ.
കണ്ണാടിയെ കണ്ണാക്കി
ലോകം കാട്ടിക്കൊടുത്തു.
ഉറക്കെ പാടി, ഹോണ്‍ അമര്‍ത്തി,
കൂടെ പാട്ട് പാടിച്ചു.
കേള്‍ക്കുന്നുണ്ടെന്ന ഉറപ്പില്‍
നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞു.
അവരുടെ ചോദ്യങ്ങള്‍ക്ക് അവരാഗ്രഹിച്ച
ഉത്തരങ്ങള്‍ മാത്രം കൊടുത്തു.
ഇഹത്തില്‍ ഇനിയുണ്ടോ
ഇത്രയടുത്ത കൂട്ടുകാര്‍?

ചിലര്‍ ചോദിച്ചു:
മനുഷ്യര്‍ പേരിടുന്നത്
സ്വന്തം എന്നെഴുതിവയ്ക്കാനല്ലേ?
എന്റേതു മാത്രം എന്ന തോന്നലല്ലേ,
ഉടമയുടെ ഭാവമല്ലേ ഒരു പേരിലുള്ളത്?
പൂച്ചക്കും പട്ടിക്കും പേരിടുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ?


Related Articles