കടൽ തീരത്ത് തീരസംരക്ഷണത്തിനായി അടുക്കി വച്ച കൽക്കെട്ടുകളിൽ അയാളിരുന്നു. സൂര്യൻ ആഴിയിലേക്ക് താഴുവാനുളള ശ്രമത്തിലാണ്. തീരാത്ത ജീവിതയാത്രകൾക്കിടയിൽ മലയോര ഗ്രാമത്തിലെ സഞ്ചാരികൾക്കൊപ്പം എത്തിയതായിരുന്നു അയാൾ. കടൽ നിരന്തരം താളരഹിതമായ തിരകളാൽ കരയെ പുണർന്നു കൊണ്ടിരുന്നു. കടലിലേക്ക് നോക്കിയിരിക്കുമ്പോഴൊക്കെ മനസ് ആർദ്രമാവാൻ തുടങ്ങും.
തീരദേശ റോഡിൽ വിനോദസഞ്ചാരികളുമായി ബസുകൾ വന്നുകൊണ്ടേയിരുന്നു. സൂര്യന്റെ മരണത്തിന് മുൻപേ അവൻ പുറത്ത് വിടുന്ന പ്രകാശരശ്മികൾ തീർക്കുന്ന വർണ്ണവിസ്മയം എത്ര കണ്ടാലും മതിവരാതെ വന്ന് ചേരുന്നവർ... ജീവിതദു:ഖങ്ങളുടെ അശാന്ത മനസ്സുകൾക്ക് ലേപനം പുരട്ടുവാൻ അശാന്തമായ കടലിലേക്ക് ഇറങ്ങുന്നവർ സന്തോഷഭരിതരാണവർ ഇപ്പോൾ......
അസ്തമയം നീണ്ട് നിന്നിരുന്നെങ്കിലെന്ന് അയാൾ വെറുതെ ഓർത്തു. അപ്പോഴാണ് ആൾക്കൂട്ടത്തിനിടയിൽ ഒരു മിന്നലാട്ടം പോലെ അവളെ കണ്ടത്. ഒരു ഇലക്ട്രിക്ക് ഷോക്ക് അയാളിലൂടെ കടന്ന് പോയി. അയാളുടെ മിഴികൾ അവളെ തന്നെ പിൻതുടർന്നു. ഒരാളെ തന്നെ ദീർഘനേരം ആ വ്യക്തിയുടെ പിൻവശത്ത് നോക്കിയാൽ അയാൾ തിരിഞ്ഞ് നോക്കും എന്ന് എവിടെയോ കേട്ടിട്ടുണ്ട്. ഒടുവിൽ അങ്ങനെ തന്നെ സംഭവിച്ചു. അവൾ തിരിഞ്ഞ് നോക്കി. അയാൾ അവൾക്ക് നേരെ കൈകൾ നീട്ടി. ഒരു നിമിഷം അവളിൽ ഒരപരിചിതത്വം നിറഞ്ഞെങ്കിലും പിന്നീടത് അമ്പരപ്പിലേക്ക് മാറുന്നത് അയാൾ തിരിച്ചറിഞ്ഞു. അൽപ്പസമയം ഇരു കരങ്ങളാൽ മിഴികൾ പൊത്തിനിന്നു. പിന്നെ അയാളുടെ അരികിലേക്ക് നടന്ന് ചെന്നു. മുഖാമുഖം മൗനത്തിന്റെ നിമിഷങ്ങൾ.
