കൊറോണ കാരണം ആഴ്ചയിൽ ഒരു ദിവസം മാത്രം ഓഫീസിൽ പോയാൽ മതി. ഓഫീസിലെ ജോലികളെല്ലാം ഓൺലൈനായിട്ടാണ് നടക്കുന്നത്. ഞാൻ മൊബൈൽ ഓൺ ചെയ്തു. അതിൽ തുറക്കാത്ത കുറെയധികം മെസ്സേജുകൾ ഉണ്ട്. എല്ലാ മെസ്സേജുകളും തുറന്നുനോക്കുന്ന ശീലം എനിക്കില്ല. അടുത്തറിയാവുന്ന ആളുകളുടെ മെസ്സേജുകൾ നോക്കും. ഗ്രൂപ്പുകളിലെ മെസ്സേജുകൾ ഒഴിവുസമയമുള്ളപ്പോൾ മാത്രമാകും നോക്കുക.
ഏറ്റവും മുകളിലായി ഒരു മെസ്സേജ് വന്നു കിടപ്പുണ്ട്. അറിയാത്ത നമ്പറിൽ നിന്നാണ്. ജിജ്ഞാസയുടെ പുറത്ത് ഞാൻ ആ മെസ്സേജ് എടുത്തുനോക്കി. ഒരു ചിത്രമായിരുന്നു അതിൽ. പഴയരീതിയിലുള്ള ഒരു മാലയുടെ ചിത്രം. കഴുത്തിനോട് ചേർന്ന് അണിയാവുന്ന തരത്തിൽ രൂപകൽപ്പന ചെയ്ത ഒരു മാലയായിരുന്നു അത്. താമരപ്പൂവിൽ ഇരിക്കുന്ന ലക്ഷ്മിദേവിയും രണ്ടുഭാഗത്തും ഓരോ ആനകളെയും താലിയിൽ കാണാം. ഈ മാല ഇതിനു മുൻപ് ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. ഓർത്തിരിക്കാൻ പ്രധാന കാരണം ഇതിലെ താലിയാണ്. പിന്നെ മാലയുടെ മനോഹാരിതയും. ഇത്രയേറെ വർഷങ്ങൾ കടന്നുപോയിട്ടും ആ മാല എനിക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല. ഓർമ്മയുടെ ചുവരിൽ ഒളിമങ്ങാതെ തൂങ്ങിക്കിടക്കുന്ന ഒരു ചിത്രം പൊടിതട്ടിയെടുക്കാൻ ഞാൻ ശ്രമിച്ചു.
വർഷങ്ങൾക്കുമുമ്പ് ചെന്നൈയിലെ ഒരു ഓഫീസിൽ ഞാൻ ജോലി ചെയ്യുമ്പോൾ കമ്പനിയുടെ പരസ്യങ്ങളും ബ്രൗച്ചറുകളും ഡിസൈൻ ചെയ്തുതരാമെന്ന് പറഞ്ഞ് ഒരു പെൺകുട്ടി വിളിച്ചു. വളരെ മിതമായ നിരക്കിൽ ഭംഗിയായി ചെയ്തു തരാമെന്ന് അവർ പറഞ്ഞപ്പോൾ ഒരു ദിവസം നേരിൽ കണ്ട് സംസാരിക്കാമെന്ന് ഞാൻ മറുപടി നൽകി.
