നമസ്‌കാരം, ഇതൊരു കുറിപ്പാണ്. തെളിച്ചു പറഞ്ഞാല്‍ ഒരു ആസ്വാദനക്കുറിപ്പ്. ആസ്വാദനമെന്ന് പറഞ്ഞത് മനസ്സിലായി കാണുമല്ലോ അല്ലേ? ഇനിയും പിടി കിട്ടിയില്ലെങ്കില്‍ കൂടുതല്‍ ആലോചിച്ചു കാട് കേറി തല പുണ്ണാക്കണ്ട. നിങ്ങള്‍ ചിന്തിച്ച പോലെ എല്ലാം ആസ്വദിക്കുന്ന ആ സംഭവം തന്നെയാണ് ഞാനും ഉദ്ദേശിച്ചത്.
കഴിഞ്ഞ കുരുത്തോല പെരുന്നാളിന്റന്ന് ഞാനും കണ്ണനും ഡേവിസും പള്ളി സെമിത്തേരീടെ തെക്കേ മൂലയിലെ ആലീസ് ടീച്ചറിന്റെ പഴകിപ്പൊളിഞ്ഞ കല്ലറയുടെ ചോട്ടിലിരുന്ന് തലേന്നത്തെ ഫുള്ളിന്റെ ബാക്കി ഓരോന്ന് പിടിപ്പിക്കുകയായിരുന്നു.
വെള്ളം ചേര്‍ക്കാതെയൊരു പെഗ്ഗ് കുടിച്ചിറക്കിയ ചവര്‍പ്പിലേക്ക് ഒരു ഗോള്‍ഡിന്റെ പുക കൂടി വലിച്ചെടുത്ത ശേഷം അത് പുറത്തേക്ക് ഊതി ഒരു വലിയ വളയം തീര്‍ത്തുകൊണ്ട് കണ്ണന്‍ എന്നെയൊന്ന് നോക്കി.
''ആലീസ് ടീച്ചറ് പോയിട്ട് എത്ര കൊല്ലായെടാ?''
