ഇന്ന് പതിവിലും നേരത്തെ എണീറ്റു. പുറത്താണെങ്കിൽ നല്ല തണുത്ത കാറ്റുണ്ട്. അല്പം മാറി ഗേറ്റിന് സമീപത്തുള്ള ക്യാബിനിൽ സെക്യൂരിറ്റി പാതിയുറക്കത്തിലിരിക്കുന്നതൊഴിച്ചാൽ ഫ്ലാറ്റിന്റെ പരിസരത്തൊന്നും ആരുമില്ല.
ട്രാക്ക്പാന്റും ടീഷർട്ടുമിട്ട് നേരിയ ഇരുട്ടും തണുത്ത കാറ്റും ഇടകലർന്ന സുഖകരമായ അന്തരീക്ഷത്തിലേക്ക് ഞാൻ ഇറങ്ങിച്ചെന്നു. എന്നിട്ട് ഫ്ലാറ്റിന് ചുറ്റുമുള്ള സിമന്റ് പാതയിലൂടെ കൈകൾ വീശി നടക്കാൻ തുടങ്ങി. ഒരു റൗണ്ട് നടന്നു കാണും. അപ്പോഴേക്കും അരികിലൂടെ അസാധാരണമായ വിധത്തിൽ എന്തോ ഒന്ന് ശാന്തമായി സഞ്ചരിക്കുന്നതുപോലെ എനിക്ക് തോന്നി. ഞെട്ടലോടെ തിരിഞ്ഞുനോക്കിയപ്പോൾ, എന്നെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ സിംഹത്തോളം വലിപ്പമുള്ള ഒരു നായ ഭീമാകാരമായ ശരീരം ഇരുവശത്തേക്കുമിളക്കി, എന്നെ കണ്ട ഭാവം പോലും നടിക്കാതെ, അതിന്റെ യജമാനനോടൊപ്പം ഗേറ്റിനെ ലക്ഷ്യമാക്കി നടന്നുപോകുന്നു. അതിന്റെ കഴുത്തിലിട്ടിരിക്കുന്ന നീണ്ട തുടൽ നായയുടെ ചലനത്തിനനുസരിച്ച് യജമാനന്റെ കൈയിലിരുന്ന് അനങ്ങുന്നുണ്ടായിരുന്നു.
അയാളെ എനിക്കറിയാം. ഞങ്ങളുടെ വലതുവശത്തെ ഫ്ലാറ്റിലാണ് താമസം. ഭാര്യയും ഒരു മകനുമുണ്ട്. പുതിയ ഫ്ലാറ്റായതിനാലും ആളുകൾ താമസം തുടങ്ങിയിട്ട് അധികനാളായിട്ടില്ലാത്തതിനാലും മിക്കവരും പരസ്പരം അപരിചിതരായിരുന്നു. മേൽപ്പറഞ്ഞ അയൽക്കാരനെ ഇടക്ക് കാണുമ്പോൾ തമ്മിൽ ചിരിക്കും. മാത്രമല്ല അപൂർവമായി ഒന്നുരണ്ട് വാക്ക് സംസാരിക്കും. അതും ഇന്ന് മഴ പെയ്തേക്കാമെന്നോ, പ്രാവുകളുടെ ശല്യം കൂടുതലാകുന്നുവെന്നോ, അങ്ങനെ എന്തെങ്കിലുമൊക്കെ പൊതുവായ കാര്യങ്ങൾ മാത്രം. ഒരു മാസത്തിലേറെയായിട്ടും ഇങ്ങനൊരു കഥാപാത്രം ഒരു ഭിത്തിക്കപ്പുറമുള്ള വിവരം അറിയാൻ കഴിഞ്ഞില്ല എന്നത് വല്ലാത്തൊരു അത്ഭുതമായി എനിക്ക് തോന്നി.
