ലൊക്കേഷൻ
മാവിൻചുവട്ടിലെ
അഞ്ചാമത്തെ കുട്ടിയെത്തന്നെയാണ്
ക്യാമറയ്ക്കിഷ്ടപ്പെട്ടത്.
അവന് നിഷ്കളങ്കമായ ചിരിയുണ്ട്;
മിന്നുന്ന കണ്ണുകളും.
ഇടവഴിയിലൂടെ
പൂഴിമണ്ണിലൂടെ
ഓടിക്കിതച്ച് അവൻ വരുന്നു.
പെട്ടെന്ന് ആ ഓട്ടം
തിരശീലയ്ക്ക് പുറത്തേക്ക് കടന്നു.
തിയേറ്ററിനകത്തെ
ഇരിപ്പിടങ്ങൾക്കിടയിൽ അവൻ
കിതച്ചുക്കൊണ്ട് നിന്നു.
