ശാര്‍മ്മിളയുടെ കേസ് ഡയറി

Readers Ink

ശാര്‍മ്മിളയുടെ കേസ് ഡയറി


കാറ് നീങ്ങിയപ്പോള്‍ മഞ്ഞനിറം തൂകിയ നിരത്തില്‍ വാകമരച്ചില്ലയുടെ ആലസ്യത്തിലാണ്ടുപോയ നിഴലുകള്‍ പിടഞ്ഞെണീക്കുകയും എന്നത്തേയുംപോലെ അനുസരണയോടെ ഗ്ലാസിന്‍റെ മുകളിലേക്ക് ഇഴഞ്ഞു കയറുകയും ചെയ്യുന്നത് ശാര്‍മ്മിള കണ്ടു.

നിതയുടെ പിണക്കമെല്ലാം ഇപ്പോള്‍ മാറിയെന്ന് തോന്നുന്നു. അവള്‍ക്കെന്നും കൗതുകം മൊബൈലിലാണ്. ശാര്‍മ്മിള നിതയെ നോക്കി. അവള്‍ മൊബൈലില്‍ ഗെയിം കളിക്കുകയാണ്. മനുഷ്യരെ വേട്ടയാടുന്ന ഗെയിമുകള്‍ കളിക്കരുതെന്ന് പലവട്ടം പറഞ്ഞിട്ടുള്ളതാണ്.

നിതയുടെ പ്രായത്തില്‍ തന്‍റെ കൗതുകമെന്തായിരുന്നുവെന്ന് ശാര്‍മ്മിള വെറുതെ ഓര്‍ത്തു. പരീക്ഷയെല്ലാം കഴിഞ്ഞ് വേനലവധിക്ക് അമ്മവീട്ടിലേക്ക് പോകുന്ന പതിവുണ്ട്. കുറച്ചുനാള്‍ അവിടെ നില്‍ക്കും. കൂട്ടിന് അമ്മാമയും മാമന്‍റെ പിള്ളേരുമുണ്ടാകും. നാട്ടുമാവും, കുറ്റിക്കാടുകളും നിറഞ്ഞ തൊടി മുഴുവന്‍ ഓടി നടന്ന് കളിക്കും. ഓലപ്പന്ത് മെടയലും, പുള്ള്യാം കുത്തി കളിയുമെല്ലാം ഓര്‍ക്കാന്‍ തന്നെ എന്തുരസമാണ്. അന്ന് പറമ്പിന്‍റെ അതിര് മുഴുവന്‍ മുള്ളുവേലിയാണ്. ഓരോ ദിവസവും മുള്ളു വേലിയിലേക്ക് പടരുന്ന വള്ളിച്ചെടിയുടെ നീളംപോലും ഞങ്ങളന്ന് അളന്ന് തിട്ടപ്പെടുത്തും. എന്നിരുന്നാലും മുത്തച്ഛനെ എല്ലാവര്‍ക്കും പേടിയാണ്. നേരം മൂന്തിയാവുന്നതിനുമുന്‍പ് കുട്ടികളെല്ലാം വീടണഞ്ഞോളണം. അതാണ് മുത്തച്ഛന്‍റെ കല്പന! കുട്ടികള്‍ക്ക് മുതിര്‍ന്നവരെ ഭയമുള്ള കാലമായിരുന്നു അന്ന്. ഇന്നാണെങ്കില്‍ ഈ നാലാം ക്ലാസ് കാന്താരിയാണ് തന്നേയും ഹരിയേട്ടനേയും വിറപ്പിച്ചു നിറുത്താറുള്ളതെന്നോര്‍ത്തപ്പോള്‍ ശാര്‍മ്മിളയുടെ ചുണ്ടുകള്‍ വിടര്‍ന്നു. നേരമൊന്ന് വൈകിയപ്പോഴേക്കും അവളുടെ ദേഷ്യമൊന്നു കാണണം. ക്ലാസ് വിട്ടുവന്നാല്‍ ജയലക്ഷ്മി മാഡത്തിന്‍റെ ഫ്ളാറ്റിലാണിരിക്കുക. നേരം വൈകിയെന്നും, അവള്‍ പിണങ്ങുമെന്നും അറിയാവുന്നതുകൊണ്ട് അവളുടെ ഫേവറിറ്റ് ബിസ്ക്കറ്റുമായാണ് ചെന്നത്. അവളുണ്ടോ തണുക്കുന്നു. വൈകിയതിന്‍റെ കാരണമെല്ലാം ബോധിപ്പിച്ചു. ഒരു മര്‍ഡര്‍ കേസിന്‍റെ വിചാരണയായിരുന്നു. ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്ന കേസാണ്.


Related Articles