ശാരദാരാധ്യ

Readers Ink

ശാരദാരാധ്യ


ഏതാണ്ട് പത്തു വർഷങ്ങൾക്ക് മുൻപാണ് ഭാർഗവ ബ്രഹ്മ ആ ഗ്രാമത്തിലേക്ക് വരുന്നത്. നഗരത്തിൽ നിന്നുവന്ന ഒരാൾ. മധ്യവയസ്സ് പിന്നിട്ട അയാൾക്ക് കൂട്ടിനായി ഈ ലോകത്ത് മറ്റാരുമുണ്ടായിരുന്നില്ല. തികച്ചും ഒറ്റയ്ക്കായിരുന്നു താമസം. മലഞ്ചെരിവിന്റെ വശ്യമായ നിശ്ശബ്ദതയും പച്ചപ്പുനിറഞ്ഞ താഴ്‌വരകളും എപ്പോഴുമുള്ള നേർത്ത കുളിരുമായിരുന്നു അയാളെ ആ നാട്ടിലേക്ക് ആകർഷിച്ചത്. ​നാട്ടുകാർക്ക് ഭാർഗവൻ എപ്പോഴും ഒരു അന്യൻ ആയിരുന്നു. ജനക്കൂട്ടങ്ങളിൽ നിന്നും അനാവശ്യമായ കൂട്ടായ്മകളിൽ നിന്നും അയാൾ എപ്പോഴുമകലം പാലിച്ചിരുന്നു. പുറത്താരോടും അധികം സംസാരിക്കാത്ത, സ്വന്തം ലോകത്ത് മാത്രം ജീവിക്കുന്ന ഒരു പ്രത്യേക പ്രകൃതക്കാരനായിരുന്നു അദ്ദേഹം. ഗ്രാമത്തിലെ ചായക്കടയിലോ ചന്തയിലോ വല്ലപ്പോഴും മാത്രം വന്ന് അത്യാവശ്യ സാധനങ്ങൾ വാങ്ങി അയാൾ തന്റെ മലഞ്ചെരിവിലെ വീട്ടിലേക്ക് മടങ്ങും. പ്രകൃതിയെയും പുസ്തകങ്ങളെയും മാത്രം സ്നേഹിച്ച ആ മനുഷ്യൻ തന്റെ ഏകാന്തതയെ സുന്ദരമായ ഒരു അനുഭൂതിയായി ആസ്വദിക്കുകയായിരുന്നു.

മലഞ്ചെരിവിന്റെ നിശ്ശബ്ദതയിലേക്ക് രാത്രി പടർന്നു കഴിഞ്ഞിരുന്ന ഒരു വൈകുന്നേരം. സന്ധ്യ മയങ്ങുന്നതിന് മുൻപ് തന്നെ വീട്ടിൽ കയറുന്ന പ്രകൃതക്കാരനായിരുന്നു ഭാർഗവ ബ്രഹ്മ. എന്നാൽ അന്ന് അവശ്യസാധനങ്ങളും ചില പുസ്തകങ്ങളും വാങ്ങാനായി ഗ്രാമത്തിന് പുറത്തുപോയി തിരികെ വന്നപ്പോൾ സമയം ഒത്തിരി വൈകിയിരുന്നു. ​രാത്രി ഏതാണ്ട് ഒൻപത് മണി കഴിഞ്ഞിട്ടുണ്ടാകും. ചുറ്റും കനത്ത മഞ്ഞും കാട്ടുമരങ്ങളുടെ നിഴലുകളും മാത്രം. ആ വിജനമായ പാതയിലൂടെ തന്റെ പ്രിയപ്പെട്ട പഴയ അംബാസഡർ കാറോടിച്ച് അയാൾ പതുക്കെ മുന്നോട്ട് നീങ്ങി. കാറിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചം മഞ്ഞിനെ കീറിമുറിച്ച് വഴിയിലേക്ക് വീഴുന്നുണ്ടായിരുന്നു.

​പെട്ടെന്നാണ് ആ കാഴ്ച ഭാർഗവന്റെ ശ്രദ്ധയിൽ പെട്ടത്. മുന്നിൽ വിജനമായ റോഡിന്റെ വശത്തുകൂടി ഒരു പെൺകുട്ടി തനിച്ച് നടന്നുപോകുന്നു. ഈ രാത്രിയിൽ, ഇത്രയും തണുപ്പുള്ള സമയത്ത്, വന്യമൃഗങ്ങൾ ഇറങ്ങാൻ സാധ്യതയുള്ള മലഞ്ചെരിവ് പാതയിലൂടെ ഒരു പെൺകുട്ടി ഒറ്റയ്ക്ക് നടക്കുക എന്നത് തികച്ചും അസ്വാഭാവികമായിരുന്നു. അയാൾ കാറിന്റെ വേഗത കുറച്ച് അവൾക്കരികിലേക്ക് അടുത്തു. ഹെഡ്‌ലൈറ്റിന്റെ പ്രകാശത്തിൽ അവളുടെ രൂപം വ്യക്തമായി. ​നിലാവെളിച്ചം പോലെ തിളങ്ങുന്ന ഒരു വെളുത്ത വസ്ത്രമായിരുന്നു അവൾ ധരിച്ചിരുന്നത്. അതിന് മുകളിലായി കൈകൊണ്ട് ഭംഗിയായി എംബ്രോയ്ഡറി ചെയ്ത ഒരു സ്വെറ്ററും ഉണ്ടായിരുന്നു. തണുപ്പകറ്റാനെന്നോണം അവൾ കൈകൾ കൂട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നു.


Related Articles