തട്ടാന്റെ അഴികത്തു നിന്നും കഷ്ടിച്ച് അരകിലോമീറ്റർ മാറിയുള്ള ആ പഴയ വീടിന്റെ മുറ്റത്ത് ഇന്നും പക്ഷികൾ വിരുന്നെത്താറുണ്ട്. കേരളത്തിൽ നിന്നും അന്യംനിന്നു പോയെന്ന് കരുതുന്ന രാപ്പാടികൾ പോലും പാടാനെത്തുന്ന മണ്ണും അവിടുത്തെ മരങ്ങളും ഒരു അപൂർവതയായിരുന്നു. കാഴ്ചയിൽ അറുപത് പിന്നിട്ട ആ മനുഷ്യൻ, മൂന്നു വർഷം മുൻപ് ഗവൺമെന്റ് സർവീസിൽ നിന്നും വിരമിച്ചതാണ്. മാസത്തിലൊരിക്കൽ പെൻഷൻ വാങ്ങാൻ ടൗണിൽ പോകുന്നതൊഴിച്ചാൽ അദ്ദേഹത്തിന് യാത്രകൾ അധികം പതിവില്ലായിരുന്നു. സർവീസ് കാലത്ത് കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ജോലി ചെയ്തത് കൊണ്ടാകാം, വിശ്രമകാലം സ്വന്തം വീടിനുള്ളിലെ ഈ നിശബ്ദതയിൽ ഒതുങ്ങിക്കൂടാൻ അദ്ദേഹം ഇഷ്ടപ്പെട്ടത്.
പക്ഷേ, ഈ വൃശ്ചിക മാസത്തിലെ ചിത്തിര നാളിൽ അദ്ദേഹം പതിവില്ലാതെ ഒരുങ്ങുകയായിരുന്നു. തേച്ചു മിനുക്കിയ വസ്ത്രങ്ങൾ അണിഞ്ഞ്, കയ്യിൽ കുറച്ചധികം ലഗേജുകളുമായി ബസ് സ്റ്റോപ്പിൽ നിൽക്കുന്ന അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് കൗതുകം തോന്നി. ആദ്യമൊന്നും വെളിപ്പെടുത്താൻ തയ്യാറായില്ലെങ്കിലും സ്നേഹപൂർവ്വമായ നിർബന്ധത്തിന് വഴങ്ങിയാണ് ഒടുവിൽ അദ്ദേഹം ആ യാത്രയുടെ പിന്നിലെ രഹസ്യം എന്നോട് പങ്കുവെച്ചത്. വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന കാലത്താണ് ആ കഥ തുടങ്ങുന്നത്.
“അന്ന് ഞാൻ തിരുവനന്തപുരത്തെ ഞങ്ങളുടെ ഹെഡ് ഓഫീസിൽ ആണ് ജോലി ചെയ്തിരുന്നത്. വീട്ടിൽ നിന്നും അത്യാവശ്യം ദൂരമുണ്ടായിരുന്നതിനാലും ബസ് യാത്ര ബുദ്ധിമുട്ടായതിനാലും ട്രെയിനിലായിരുന്നു എന്റെ സ്ഥിരം യാത്ര. പക്ഷേ അന്നത്തെ ആ പ്രത്യേക ദിവസം ജോലി കഴിഞ്ഞ് ഇറങ്ങാൻ ഞാൻ അല്പം വൈകിയിരുന്നു. അതിനാൽ തന്നെ എന്റെ പതിവ് ട്രെയിൻ പോയി കഴിഞ്ഞിരുന്നു. അടുത്ത ട്രെയിൻ പുറപ്പെടാൻ വീണ്ടുമൊരു അരമണിക്കൂർ കൂടി കഴിയണം.
