ശവദാഹയാത്ര

Readers Ink

ശവദാഹയാത്ര


ചെല്ലന്റെ ആത്മഹത്യാവാർത്ത ആരെയും ഞെട്ടിത്തരിപ്പിച്ചില്ല. ആരെയും തകർത്തുകളഞ്ഞതുമില്ല. കേട്ടവർക്കൊക്കെ 'എന്തേ ഇത്ര വൈകിയത്?'എന്ന മട്ടായിരുന്നു. ചെല്ലൻ കുറച്ച് നാൾ ഭ്രാന്താശുപത്രിയിലായിരുന്നു. അപ്പോൾ ആത്മഹത്യയുടെ കാരണവും ആരും ഞെട്ടാതിരുന്നതിൻ്റെ കാരണവും ഊഹിക്കാമല്ലോ? ചെല്ലൻ്റെ ഭാര്യ അമ്മിണിയും തെല്ലൊന്ന് നെടുവീർപ്പിട്ടതല്ലാതെ അധികമൊന്നും പ്രതികരിച്ചില്ല. രണ്ടു വർഷം മുമ്പ്, അമ്മിണി അയാളുടെ കൂടെയുള്ള ജീവിതം മതിയാക്കിയതാണ്. ഒട്ടും സഹിക്കാൻ വയ്യാതെ ആയപ്പോൾ, പറക്കമുറ്റാത്ത രണ്ടു കുരുന്നുകളുമായി അമ്മിണി സ്വന്തം വീട്ടിലേക്ക് തിരികെ പോന്നതാണ്. അന്ന് മുതൽ ചെല്ലൻ ഒറ്റപ്പെട്ടു. അത് അയാളെ കൂടുതൽ രോഗിയാക്കി മാറ്റി. അങ്ങനെയാണ് ആ ഒറ്റപ്പെടൽ ആശുപത്രി വാസം വരെ നീളുന്നതും.

'ചിത്തരോഗാശുപത്രിയിലെ ദിനങ്ങൾ' എന്ന പേരിൽ കവിത എഴുതാൻ അയാൾ കവി ഒന്നുമല്ലായിരുന്നു. പക്ഷേ അയാൾ മനോഹരമായി പാടുമായിരുന്നു. ആശുപത്രിയിലെ അന്തേവാസികൾക്ക് ചെല്ലൻ്റെ പാട്ട് നന്നായി ഇഷ്‌ടപ്പെട്ടു. ഒരു തരത്തിൽ അയാൾ, അയാളെ തന്നെ സ്നേഹിച്ച കുറച്ച് ദിനങ്ങൾ അത് മാത്രമായിരുന്നിരിക്കണം. ഭ്രാന്തിനെ നിർവചിക്കുക അസാധ്യമാണ്. സാഹിത്യത്തിന്റെ ഭാഷയിൽ ജീവിതവുമായും ചിത്തവുമായും ഇഴ പിരിക്കാൻ ആവാത്ത തരത്തിൽ കെട്ട് പിണഞ്ഞുകിടക്കുന്ന ഒരു 'ഭ്രമം'. ചിത്തഭ്രമത്തിൽ നിന്ന് ആ ഭ്രമത്തെ അടർത്തിമാറ്റുക എന്നത് അസാധ്യം. ആ പെടാപ്പാടിൽ ജീവിതം ഹോമിക്കപ്പെടുന്നവരാണ് യഥാർത്ഥത്തിൽ ചിത്തഭ്രമരോഗികൾ. ഏത് നിർവചനവും അതിന് ഭൂഷണമല്ല. എന്നാൽ അവർ അനുഭവിക്കുന്ന വേദനയോ, ഭൂമിക്ക് പോലും താങ്ങാൻ കഴിയാത്തത്ര ഭാരമുള്ളതും. അങ്ങനെ ദുഃഖിതനായ മനുഷ്യൻ ഒറ്റപ്പെട്ടാൽ ഉണ്ടാകുന്ന അവസ്ഥ നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളു. പക്ഷേ, ഒരു സ്ത്രീക്ക് എത്ര അളവ്‌ വരെ സഹിക്കാൻ കഴിയും? അവർക്കും വേണമല്ലോ സമാധാനം. ഒരു തരത്തിൽ ആർക്ക് ആരെയാണ് കുറ്റപ്പെടുത്താനാവുക? അതും ഒരു കഥയിൽ.

മേല്പറഞ്ഞത് പോലെ ആ 'ഭ്രമത്തെ' ചിത്തത്തിൽ നിന്ന് വേർതിരിക്കാൻ കഴിയാത്ത കൊണ്ട്, അയാളുടെ ചിത്ത രേഖയോ ജീവിത രേഖയോ കഥയിൽ ഉൾക്കൊള്ളിക്കാൻ കഴിയില്ല. മാത്രമല്ല ഈ കഥ അയാളുടെ ജീവിതത്തെ കുറിച്ചും അല്ല, മറിച്ച് ശവദാഹയാത്രയെ പറ്റി മാത്രമാണ്. എങ്കിലും അയാളുടെ മരണത്തെ സംബന്ധിച്ച ഒരു കാര്യം സൂചിപ്പിക്കാതിരിക്കാൻ കഴിയില്ല. അയാളുടെ ബന്ധുക്കളിൽ ചിലർ പറയുന്നതനുസരിച്ച് തന്റെ പേരിലുള്ള കുറച്ച് സ്‌ഥലം ചിത്തരോഗാശുപത്രിയിൽ നിന്നും തിരികെ വരുമ്പോൾ മക്കളുടെ പേരിൽ എഴുതി കൊടുക്കണം എന്ന് അയാൾ തീരുമാനം എടുത്തിരുന്നു. നിസ്സഹായനായ അച്ഛന് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കടമ എന്നയാൾ അതിനെ കരുതി കാണണം. പക്ഷേ, ചിത്തരോഗാശുപത്രിയിൽ നിന്നും തിരികെ വന്നപ്പോൾ അയാളുടെ പേരിലുള്ള സ്ഥലം ബന്ധുക്കളിലാരോ കൈക്കലാക്കിയിരുന്നു. അതാണയാളെ വീണ്ടും മാനസികമായി തകർത്തതെന്നും ആത്മഹത്യയിലേക്ക് നയിച്ചതെന്നും ചിലർ അടക്കം പറയുന്നു.


Related Articles