ബാൾക്കൻ മുറിവുകൾ!
ഈ പുസ്തകത്തിന് ഇതിലും മികച്ചൊരു പേരു നൽകാനാവില്ല. കാരണം യുദ്ധംകൊണ്ട് മുറിവേറ്റവരുടെ, വേർപാടുകൊണ്ട് മുറിവേറ്റവരുടെ, പലായനംകൊണ്ട് മുറിവേറ്റവരുടെ ലോകങ്ങളിലേക്കുള്ള ഒരു സഞ്ചാരമാണ് വി മുസഫർ അഹമ്മദിൻ്റെ ഏറ്റവും പുതിയ പുസ്തകം. സങ്കുചിത ദേശീയത മുറിവേൽപ്പിച്ചവരുടെയും വംശീയതയുടെ ഇരകളായവരുടെയും രാജ്യം വിഭജിച്ചപ്പോൾ ഒറ്റപ്പെട്ടുപ്പോയവരുടെയും കഥകൾ.
ഗൂഗിളിൽ തിരഞ്ഞാൽ കിട്ടാത്ത മനുഷ്യാനുഭവങ്ങളിലേക്കാണ് വി.മുസഫർ അഹമ്മദ് നമ്മളെ കൊണ്ടുപോകുന്നത്. ബാൾക്കൻ രാജ്യങ്ങളായ ഗ്രീസിലും ബോസ്നിയ-ഹെർസെഗോവിനയിലും സരയാവോയിലും സെർബിയയിലും ക്രോയേഷ്യയിലും മോണ്ടിനെഗ്രോയിലും നടത്തിയ സഞ്ചാരങ്ങളെക്കുറിച്ചുള്ള ഈ കൃതി കേവലം യാത്രാവിവരണമല്ല, മറിച്ച് യാത്രാനുഭവത്തിൻ്റെ പുസ്തകമാണ്.
ഗ്രീസിലെ ക്രീറ്റ് എന്ന ദ്വീപിനെക്കുറിച്ച് നമുക്കറിയാം. വിഖ്യാത എഴുത്തുകാരൻ കസാൻദ്സാകീസിൻ്റെ നാട്. അദ്ദേഹത്തിൻ്റെ ശവകുടീരം സന്ദർശിച്ചതിൻ്റെ അനുഭവം പങ്കുവെക്കുന്നുണ്ട് ഈ പുസ്തകത്തിൽ. ക്രീറ്റിനെക്കുറിച്ച് നിരന്തരമായി എഴുതി അദ്ദേഹം ആ ദ്വീപിൻ്റെ പ്രകാശത്തെക്കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ അദ്ദേഹം എഴുതാനായി പലപ്പോഴായി ക്രീറ്റ് വിട്ടിരുന്നു. ക്രീറ്റ് പല സന്ദർഭങ്ങളിലും അദ്ദേഹത്തെ അശാന്തനാക്കിയിരുന്നു. ക്രീറ്റിലെ കസാൻദ്സാകിസ് മ്യൂസിയത്തെക്കുറിച്ച് പറയുന്നുണ്ട് ഈ പുസ്തകത്തിൽ. അദ്ദേഹത്തിൻ്റെ കൈയെഴുത്തുപ്രതികൾ, ഡയറികൾ, കത്തുകൾ, യാത്രക്കിടയിൽ ലഭിച്ച സുവനീറുകൾ, വസ്‌ത്രങ്ങൾ പേനകൾ തുടങ്ങിയ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പ്രശസ്ത പുസ്തകങ്ങളായ സോർബ ദ ഗ്രീക്ക്, ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ദ ക്രൈസ്റ്റ്, ക്രൈസ്റ്റ് റീ ക്രൂസിഫൈഡ് , റിപ്പോർട്ടു റ്റു ഗ്രീക്കോ എന്നിവയിലെ ഭാഗങ്ങൾ കേൾക്കാൻ ഓഡിയോ സംവിധാനവും ഈ മ്യൂസിയത്തിലുണ്ടത്രെ!
