ട്രെയിൻ ഷൊർണൂർ സ്റ്റേഷനോടടുക്കുന്നു. സമയം രാത്രി രണ്ട് മണി. മൊബൈലിൽ അലാം വച്ച് കിടന്നതുകൊണ്ട് സ്റ്റേഷൻ എത്തുന്നതിനു മുൻപേ ഉണർന്നു. ബർത്തിൽ നിന്നിറങ്ങി ടോയ്‌ലറ്റിൽ പോയി, മുഖം കഴുകി കണ്ണാടിയിൽ നോക്കിയപ്പോൾ എന്തെന്നില്ലാത്ത ഒരു ആവേശം അയാളെ ഉന്മത്തനാക്കി. വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ... മനസ്സ് തുടികൊട്ടുന്നത് പോലെ...
അവൾ തന്റെ ആരാണ്? കാമുകിയാണോ? സുഹൃത്താണോ? അതോ അതിനെക്കാളുമുപരിയായി മറ്റെന്തെങ്കിലുമാണോ? അറിയില്ല.
ചില ബന്ധങ്ങൾ അങ്ങനെയാണ് നിർവചിക്കാൻ ആവില്ല. എന്തായാലും ഈ രാത്രി, അപരിചിതമായ സ്റ്റേഷനിൽ അരമണിക്കൂർ വണ്ടി പിടിച്ചിടുമ്പോൾ തമ്മിൽ കാണാമെന്ന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് തീരുമാനിച്ചത്. പരസ്പരം അറിയാതെ വർഷങ്ങൾക്ക് ശേഷം ഒരേ വണ്ടിയിൽ അന്യദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ ഉള്ള കണ്ടുമുട്ടൽ.
ഒരുപാട് നാളുകൾക്ക് ശേഷം രാത്രിയുടെ ഏതോയാമത്തിൽ വന്ന അവളുടെ ഒരു ഗുഡ് നൈറ്റ് മെസ്സേജ്.
