2020 ൽ പ്രസിദ്ധീകരിച്ച കെ സച്ചിദാനന്ദന്റെ മുപ്പത്തിയഞ്ച് കവിതകളുടെ സമാഹരമാണ് "ഒരു ചെറിയ വസന്തം".
ഈ സമാഹരത്തിലെ ചില കവിതകളെങ്കിലും കോവിഡ് എന്ന മഹാമാരി ലോകം മൊത്തം വ്യാപിക്കുകയും അതിന്റെ ശാരീരികവും സാമൂഹികവും മാനസികവുമായ പ്രത്യാഘാതങ്ങളിലൂടെ ലോകം കടന്നുപോകുകയും ചെയ്യുന്ന സമയത്ത് എഴുതപ്പെട്ടവയാണ്.
പുസ്തകത്തിന്റെ ആമുഖത്തിൽ കവി ഇങ്ങനെ പറയുന്നു: "പക്ഷികൾ എന്റെ പിറകേ വരുന്നു എന്ന സമാഹരത്തിന് ശേഷം ഞാൻ എഴുതാനിടവന്ന കവിതകളാണ് ഈ സമാഹരത്തിന്റെ ഉള്ളടക്കം. ഇവയിൽ തികച്ചും വൈയക്തികമായ ആവിഷ്കാരങ്ങളും സാമൂഹികവ്യഥകളുടെ പ്രതിഫലനങ്ങളും രണ്ടും തിരിച്ചറിയാനാകാത്ത വിധം കലർന്ന രചനകളുമുണ്ട്."
"എന്റെ അച്ഛൻ
വെയിലത്തുകൂടിയുള്ള ഒരു നീണ്ട നടത്തമാണ്.
അച്ഛനെ ഓർക്കുമ്പോൾ
എന്റെ തലച്ചോറിൽ സൂര്യാഘാതത്തിന്റെ
പൊള്ളിച്ചുവന്ന പാടുകൾ ഉണ്ടാകുന്നു.
എന്റെ അമ്മ
നിലാവിലുള്ള ഒരു നീണ്ട കാത്തുനിൽപ്പാണ്
അമ്മയെ ഓർക്കുമ്പോൾ
എന്റെ ഹൃദയം വിരിയുന്ന മുല്ലപ്പൂക്കൾക്കിടയിൽ
രാക്കുയിലിന്റെ ഏകാന്തത അനുഭവിക്കുന്നു."
'അച്ഛൻ, അമ്മ, ഞാൻ' എന്ന കവിത അച്ഛന്റേയും അമ്മയുടെയും ഓർമ്മകളിലൂടെ ബൗദ്ധികതലങ്ങളിലേക്ക് സഞ്ചരിക്കുന്നു.
