വായ മൂടി മനുഷ്യൻ നടക്കാൻ തുടങ്ങിയ കാലത്തിന് ഏതാനും മാസങ്ങൾക്കു മുമ്പാണ് അവളവിടെയെത്തിയത്. മനുഷ്യർ വായ മൂടി നടന്നുകൊണ്ടിരിക്കുന്ന മഹാമാരിയുടെ കാലം മനുഷ്യ ചരിത്രത്തെ കൂട്ടിമുട്ടാനാവാത്ത വിധം രണ്ടായി വിഭജിച്ചു കളയുമെന്ന് പിന്നീടവൾക്ക് തോന്നിയതിനും ഏതാനും നാളുകൾക്ക് മുമ്പ്.
വെബിനാറും, Zoom മീറ്റും, ഗൂഗിൾ മീറ്റും ഓൺലൈൻ സെമിനാറുകളും അവൾക്കന്യമായിരുന്ന Offline കാലത്ത്. മഴ പിൻവാങ്ങി തുടങ്ങിയ, വരണ്ട ഉപ്പു കാറ്റിലേക്ക് അവൾ ഇറങ്ങി വന്നു.
കടൽത്തീരത്തോട് തൊട്ടു കിടക്കുന്ന അഞ്ചു നിലയുള്ള ഓഫീസ് സമുച്ചയത്തിലേക്കായിരിന്നു അവൾ സ്ഥലം മാറി വന്നത്. അഞ്ചാം നിലയിൽ കയറി നോക്കിയാൽ വിശാലമായ കടലിൻ്റെ അങ്ങേയറ്റം ചക്രവാളത്തിൽ മുട്ടുന്ന അപാര ദൃശ്യം വ്യക്തമായ് കാണാമെന്ന് ജോലിയിൽ പ്രവേശിച്ച ആദ്യ ദിനം തന്നെ അവൾ കണ്ടെത്തി. ആദ്യ ദിവസം തന്നെ വളരെ പെട്ടെന്ന് അവളോടിണങ്ങിയ സഹപ്രവർത്തക രൂപ വൈകിട്ട് ടീ ബ്രേക്കിന് ഓഫീസ് സമുച്ചയത്തിനു മുന്നിലുള്ള തിരക്കു കുറഞ്ഞ റോഡ് മുറിച്ചുകടന്ന് എതിർവശത്തുള്ള കാൻ്റീനിലേക്ക് നടക്കുമ്പോഴാണ് തിരിച്ചു ചെന്നിട്ട് ഒരു സർപ്രൈസ് കാണിച്ചു തരാമെന്ന് അവളോടു പറഞ്ഞത്. അന്ന് ഓഫീസ് വിട്ടു കഴിഞ്ഞ് രൂപ അവളെ മുകളിൽ അഞ്ചാം നിലയിലേക്ക് ലിഫ്റ്റിൽ കയറ്റി കൊണ്ടു പോയി. കടലിൻ്റെ അപാര നീലിമയുടെ മനം മയക്കുന്ന കാഴ്ചയിലേക്കുള്ള വാതിൽ തുറന്നു കൊണ്ട് രൂപ അവളെ ചേർത്തു പിടിച്ചു. പുതിയ നഗരത്തിൻ്റെ അപരിചിതത്വം ക്ഷണ നേരം കൊണ്ട് അവളെ വിട്ടൊഴിഞ്ഞു. അത്രയ്ക്കും മനോഹരമായിരുന്നു അവിടെ നിന്നുള്ള കാഴ്ചയും രൂപയുടെ ചേർത്തു പിടിക്കലും. കടൽത്തീരത്തോടു ചേർന്നു കിടക്കുന്ന ആ ചരിത്ര പ്രധാനമായ പുരാതന പൈതൃക നഗരത്തിൽ സ്ഥിതി ചെയ്യുന്ന തൻ്റെ ഓഫീസ് സമുച്ചയത്തെക്കുറിച്ച് പെട്ടെന്ന് അവൾക്ക് എന്തെന്നില്ലാത്ത അഭിമാനബോധം തോന്നി.
