കാലാകാലങ്ങളിൽ വിവിധങ്ങളായ മാനസിക പ്രശ്നങ്ങൾ എനിക്ക് ഉണ്ടാവാറുണ്ട്. കൊറോണാ സമയത്ത് അടിക്കടിയായി അത് മാറിമറിഞ്ഞു കൊണ്ടിരുന്നു. കാർപ്പെറ്റിലെ രോമങ്ങൾ പിഴുതെടുക്കൽ അതിൽ പെട്ടതായിരുന്നു. കൊറോണ രണ്ടാം ഘട്ടം പിന്നിടുന്നതോടെ വീട്ടിലെ വലിയ കാർപ്പെറ്റുകൾ മുതൽ ചെറിയ തടുക്കുകൾ വരെ പൂടപോയ ഇറച്ചിക്കോഴികളെപ്പോലെ നഗ്നരായിത്തീർന്നു. അതൊന്നും ഇപ്പോൾ ഓർക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. എങ്കിലും, പതുപതുത്ത കാർപ്പെറ്റുകളിൽ ചവിട്ടുന്ന സമയങ്ങളിലെല്ലാം ഞാൻ ആ അഭിശപ്ത നിമിഷങ്ങളെപ്പറ്റി ഓർക്കും.
ഇതുപോലെ തന്നെയായിരുന്നു ഓർമ്മകളുടെ അലട്ടൽ. പണ്ട് പറ്റിയ അബദ്ധങ്ങൾ, ജ്ഞാനി ആണെന്നു കരുതി മറ്റുള്ളവരോട് പറഞ്ഞ വിഡ്ഢിത്തങ്ങൾ എല്ലാം ഓർത്തോർത്ത് സ്വയം നാണം കെടും. മറ്റുള്ളവർ അതൊന്നും ഓർത്തിരിക്കാൻ സാധ്യത ഇല്ലെന്ന് ഓർത്ത് സമാധാനപ്പെടാൻ ശ്രമിക്കുമെങ്കിലും മറ്റുള്ളവരുടെ വിഡ്ഢിത്തങ്ങൾ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ടല്ലോ എന്നോർത്ത് ദു:ഖിക്കും.
വീടിന്റെ പണിതുടങ്ങി പകുതി കഴിഞ്ഞപ്പോഴേക്കും എനിക്ക് പിടിപെട്ട മാനസിക പ്രശ്നമാണ് ‘മട്ടവും തൂക്കും.’ അഥവാ right and plumb disorder. ഇതേച്ചൊല്ലി ഇതുവരെ ഞാൻ ഒരു ഡോക്ടറെ പോയി കണ്ടിട്ടില്ല. അതുകൊണ്ട് ഇതിന്റെ യഥാർത്ഥ പേര് എന്താണെന്ന് എനിക്കറിയില്ല. ഗൂഗിളിൽ തപ്പിയാൽ കണ്ടെത്താൻ പറ്റിയേക്കും. പക്ഷേ ഞാൻ അങ്ങനെ എല്ലാമൊന്നും ഗൂഗിളിൽ തപ്പുന്ന ആളല്ല.
