സപ്തഭാഷ ഭൂമികയായ കാസർക്കോടിൻ്റെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തുന്ന പുസ്തകമാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'കാസർകോട് ആഖ്യാനങ്ങൾ'. ഗ്രന്ഥകർത്താവായ എം എ റഹ്‌മാൻ്റെ തപസ്സും മനനവും ആ ദേശക്കാരൻ എന്ന നിലയ്ക്കുള്ള അനുഭവജ്ഞാനവും ഈ പുസ്തകത്തിൽ ദർശിക്കാൻ കഴിയുന്നുണ്ട്.
കേവലമൊരു പ്രാദേശിക ചരിത്ര ഗ്രന്ഥമല്ല ഇത്. ഒരു ദേശത്തിൻ്റെ വൈവിധ്യങ്ങളെയും പെരുമയെയും സൂക്ഷ്മമായും വിശദമായും ഇതിൽ അടയാളപ്പെടുത്തുന്നുണ്ട്. ഒരു ഡോക്യൂമെൻ്ററി കാണുന്നത് പോലെ ഹൃദ്യമായി വായിക്കാവുന്ന പുസ്തകമാണിത്. ഒരു പുഴയോരത്തോ തോട്ടുവരമ്പിലൂടെയോ നടക്കുന്നത് പോലെ.
കാസർകോട് എന്ന ഉത്തര ദേശത്തെ ഈ പുസ്തകം അനാവരണം ചെയ്യുമ്പോൾ അദ്‌ഭുതപ്പെടാതിരിക്കാനാവില്ല. ഇതിലെ ഓരോ അടരുകളും വായനക്കാരെ തൊട്ടുണർത്തിയാണ് കടന്നുപോകുന്നത്. ഈ ദേശത്തിൻ്റെ ചരിത്രസാക്ഷ്യങ്ങളെ കാഴ്ചപ്പുറത്തേയ്ക്ക് എത്ര ആയാസരഹിതമായാണ് ഗ്രന്ഥകാരൻ കൊണ്ടുവരുന്നത്! കാലങ്ങൾ കൊണ്ട് ഒരു ദേശത്തെ സൃഷ്ടിച്ച ചിത്രങ്ങൾ നമ്മെ ആ ദേശത്തിൻ്റെ ഉള്ളിലേയ്ക്ക് ആവാഹിക്കുന്നുണ്ട്.
