ബൊഹീമിയൻ ചിറകുകൾ

Readers Ink

ബൊഹീമിയൻ ചിറകുകൾ


കവിയും ചിത്രകാരനുമായ കെ.ഷെരീഫിന്റെ ചിത്രക്കുറിപ്പുകളാണ് 'ഉടഞ്ഞ കുപ്പിയിൽ നിന്നും അലഞ്ഞ മഷി' എന്ന പുസ്തകം. ഭാഷയിലെ ബൊഹീമിയനിസം നിറഞ്ഞ ഭാവനാ ഭൂപടങ്ങളാൽ സമൃദ്ധമായ ഷെരീഫിന്റെ എഴുത്ത് മലയാള അക്ഷരലോകത്തിന്റെ പതിവ് ആഡംബരങ്ങൾക്കോ ഭംഗിവാക്കുകൾക്കോ വഴങ്ങില്ല.

അയാൾ സ്വപ്നങ്ങളിലൂടെ യാത്ര ചെയ്യുന്നു. "ഇളം വെയിലൊഴുകുന്ന പുഴകൾക്ക് സമാന്തരമായി നീളുന്ന ഈർപ്പൻ മൺവഴികളിലൂടെ, ആയിരക്കണക്കിന് മൂർഖൻ പാമ്പുകൾ ഒന്നിച്ച് ഫണം വിരിച്ച് നൃത്തമാടുന്ന ചതുപ്പു ദേശത്തുകൂടെ, ഏതോ പർവ്വത ഗോത്ര സംസ്കാരത്തിന്റെ ശിലാവശിഷ്ടങ്ങൾ എഴുന്നു നില്ക്കുന്ന മലഞ്ചെരിവിലൂടെ അയാൾ നടക്കുന്നു."

കവിത കൊണ്ട് ഷെരീഫ് വര നിർവ്വഹിക്കുമ്പോൾ "പാലത്തിനക്കരെ ചുവന്ന പൂക്കളുള്ള ഒരു മരത്തിന്റെ തലപ്പ്" നമ്മളും കാണുന്നു. പടംവരജീവിതത്തിലേക്ക് മടങ്ങിവരാനുള്ള മോഹത്താൽ ഹൈദരബാദ് നഗരത്തോടും ഒരു മാസത്തെ അധ്യാപന ജീവിതത്തോടും വിട പറഞ്ഞ്, തീവണ്ടിയിലിരുന്ന് പരന്നുകിടക്കുന്ന ഡക്കാൻ കാഴ്ചകൾ നോക്കുന്നിടത്ത് ഞാൻ ഇപ്പോഴത്തെ പ്രശസ്ത നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമേട്ടൻ "മഴ കാണാൻ ഞാൻ നാട്ടിലേക്കു പോകുന്നു-അനുമതി തരിക" എന്ന് മേലുദ്യോഗസ്ഥന് എഴുതിയ കത്ത് കൂട്ടി വായിക്കുന്നു.


Related Articles