റസ്ക്യൂമ്യാവൂ

Readers Ink

റസ്ക്യൂമ്യാവൂ


മെട്രോ പില്ലറിൻ മേളിൽനിന്നും
ആർപ്പുവിളിയകമ്പടിയോടെ
ആർത്തലയ്ക്കും മഴയ്ക്കും
ഗതാഗതക്കുരുക്കിനും
മെട്രോയുടെ ചായബ്രേക്കിനു-
മിടയിൽനിന്നും രക്ഷപ്പെടുത്തിയ
പൂച്ചയ്ക്കിനിയുമറിയില്ല
അവൻ 'രക്ഷപ്പെട്ടവനാണെന്ന്'
മൃഗധർമ്മമെന്നത്
രക്ഷപ്പെടലോ ഇഷ്ടപ്പെടലോ അല്ല,
കഷ്ടപ്പെടലും കഷ്ടിച്ചൂരിപ്പോരലുമാണെന്നും
അവനറിയുമെന്ന് തോന്നുന്നില്ല
പൂച്ചയ്ക്ക്
പൂച്ചാണ്ടിപ്പേടിയില്ല
പൂച്ചി വർഗ്ഗങ്ങളെ തൊട്ടുതീണ്ടായ്മയില്ല
പുറംപൂച്ചും അകംപേച്ചും വെവ്വേറെയില്ല
പുസ്തകം വായിച്ചു പാസ്സാവേണ്ടതില്ല
പുറം ചൊറിയാൻ തോന്നിയാൽ ചുമരിലുരസാം
പുതിയ കമ്പിളി വേണ്ട-
പുറത്തുള്ളതുതന്നെ ധാരാളം ചുരുണ്ടുകൂടാൻ
പൂതപ്പാട്ടൊരു വരിപോലും ഹൃദിസ്ഥമാക്കേണ്ട
പൂതനാമോക്ഷം കഥകളി കാണേണ്ട
പൂക്കിയായ് പെർഫോമീയേണ്ട
പുരാവൃത്തങ്ങളിലെ ജീവിക്കുന്ന കഥാപാത്രമാവാം
പുന്നഗൈ മന്നൻ ബിജിഎം മ്യാവൂവിൽ മൂളാം
പൂക്കളിലെ തേൻ നുകരാം
പുഞ്ചിരി തൂകാതെ തന്നെ പുന്നാരയാകാം
പൂമ്പാറ്റകളോടൊപ്പം പറന്നലയാം
പുരനിറഞ്ഞാലും കെട്ടിത്തളയ്ക്കപ്പെടാതെ കളിതുടരാം
പുന്നെല്ല് കറുമുറെ കൊത്തിപ്പെറുക്കാം
പൂക്കളം പടക്കളമാക്കാം, സദാ
പുറമൂരുകൾ തെണ്ടി, വീടുമാറി, മീശപിരിച്ച്
പൂച്ചയെന്നാലാരെന്ന് കണ്ണാടിയിൽ നോക്കാതറിഞ്ഞ്
പൂച്ചയായ് ജീവിച്ച്, പാലുംകുടിച്ച് പൂച്ചയായ് മടങ്ങാം.
'രക്ഷപ്പെട്ട' പൂച്ച
ചോദിക്കുന്നതിത്രമാത്രം-
"എല്ലാത്തിനും മ്യാവൂ!
പക്ഷേ എത്ര മ്യാവൂ കേട്ടാലാ
നിങ്ങൾ നടത്തുക റെസ്ക്യൂമ്യാവൂ?"


Related Articles