എസ്ഐ വന്നയുടൻ ഇറങ്ങാൻ കാത്തിരിക്കുകയായിരുന്നു മാത്യൂസ്. നാലുമണിതൊട്ടുള്ള അയാളുടെ കാത്തിരിപ്പിനിടയിൽ, മഴ മൂന്നു വട്ടം ശക്തിപ്രാപിക്കുകയും പ്രകൃതിയുടെ നെടുവീർപ്പുകളെ അറിയാൻ ശ്രമിക്കുകയും ചെയ്തു. ഇപ്പോഴും തോരാൻ കൂട്ടാക്കാതെ ചിണുങ്ങിപ്പെയ്യുന്ന മഴ, ജനൽപ്പാളികൾ അടച്ചു തുറന്ന്, ഇടയ്ക്കിടയ്ക്ക് മൂക്ക് ചീറ്റി, അയാളെ നോക്കിക്കരയുന്നു. കൈത്തണ്ടയിലെ രോമങ്ങളിൽ നുള്ളി വലിച്ച്, വൃഥാ മടങ്ങുന്നു.
പോലീസ് ജീപ്പിന്റെ ഒച്ച കേട്ടതും, കുടിച്ചു തീർത്ത രണ്ട് ചായഗ്ലാസ്സ് മാറ്റിവച്ച്, ഷിബുവിനെ വിട്ടു വാങ്ങിപ്പിച്ച റെഡ് വെൽവെറ്റ് കേക്കും കൈയിലെടുത്ത്, അയാൾ പോകാനായി ഷൂസ് നേരെയാക്കി.
"ഓരോന്ന് ചെയ്തു വയ്ക്കണേന് പൊറകേ നമ്മള്തന്നെ തൂങ്ങണോല്ലോ!"
വന്നപാടേ, അരിശത്തോടെ എസ്ഐ മുറിയിലേക്ക് കയറിപ്പോയി. മാത്യൂസിന്റെ നേരത്തെ പോകാനുള്ള ആവശ്യം അയാൾക്കു മുന്നിൽ തുറന്ന വാതിൽപ്പാളിപോലെ രണ്ടുമൂന്നു വട്ടം അടഞ്ഞു തുറന്ന് സ്ഥിരതയിലെത്തി.
