ചുവപ്പിൽ വെള്ളവരകളുള്ള സോക്സ്. ആ നിമിഷമാവണം ഞാൻ സ്തംഭിച്ചുപോയത്. അതിന് അല്പം മുൻപുവരെ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല: എങ്ങനെയെങ്കിലും സോഫിയയുടെ ശരീരം, മറ്റാരെങ്കിലും അറിയുന്നതിന് മുൻപ് കുഴിച്ചിടണമെന്ന് മാത്രമായിരുന്നു ചിന്ത. സർവ ശക്തിയും സംഭരിച്ച് സെപ്റ്റിക് ടാങ്കിനോട് ചേർന്ന് ഞാൻ ആറടിനീളത്തിൽ, ആവുന്നത്ര ആഴത്തിൽ ഒരു കുഴി എടുക്കുകയായിരുന്നു. അപ്പോഴൊക്കെ അവളുടെ രക്തം പടർന്ന മുഖം ഉള്ളിൽ തെളിയുന്നപോലെ തോന്നി. അതിനും കുറച്ചുമുൻപേ ഭയമായിരുന്നു; കൈകൾ വിറച്ചിരുന്നു. അടുക്കളയിൽ ഫ്രിഡ്ജിനോട് ചേർന്ന് ആ ശരീരം ചാരിക്കിടന്നു. അതിനുമൊക്കെ മുൻപേ ഞാൻ അവളുടെ മുറിയിലേക്ക് തിടുക്കത്തിൽ ചെന്ന് സോഫിയായോട് വല്ലാതെ ദേഷ്യപ്പെട്ടു.
അവൾ കണ്ണാടിക്കു മുന്‍പിൽ അർദ്ധനഗ്നയായിരുന്നു: ഇടത്തെ മാറിടത്തിൽ എന്തോ പരിശോധിക്കുന്നു. കണ്ണാടിയിൽ എന്റെ മുഖം കണ്ടപ്പോൾ അവൾ ഞെട്ടിത്തിരിഞ്ഞ് അടുക്കളയിലേക്ക് ഓടിക്കയറി. എന്റെ കയ്യിലെ രക്തം പുരണ്ട കത്തിയിൽ വിരൽമുറുക്കം കൂടിവന്നു. ഞാൻ അവൾക്ക് പിന്നാലെ ഓടി എത്തുമ്പോഴേക്കും, അവൾ വാതിൽ ശക്തിയായി അടച്ചു. വാതിലിന് പിന്നിൽ അവളുടെ കിതപ്പ് ഞാൻ കേട്ടു. ഞാൻ വാതിൽ ശക്തിയായി തള്ളി.
"എന്നെ ഒന്നും ചെയ്യരുത് നോബിൾ. ഒന്നും മനഃപൂർവ്വമല്ലായിരുന്നു"- അവൾ ഉച്ചത്തിൽ പുലമ്പി. എനിക്ക് ദേഷ്യം കൂടിവന്നു.
