വളരെ യാഥാസ്ഥിതികമായ മതവിശ്വാസ പശ്ചാത്തലത്തിലാണ് എം. സി. ജോസഫ് ജനിച്ചുവളർന്നത്. പണവും പ്രതാപവും, കുടുംബത്തിൽ ബിഷപ്പുപോലുമുണ്ടെന്ന നിലയ്ക്കുള്ള പൗരോഹിത്യ പശ്ചാത്തലമുള്ള യാക്കോബായ തറവാട്.
അവിടെ ജനിച്ച എം. സി. ജോസഫിനെ, പരന്ന വായനയും, വായനയിലൂടെ കിട്ടുന്ന വിവരങ്ങളെ സംശയത്തോടെ പരിശോധിക്കാനുള്ള മനസ്സുമാണ് യുക്തിവാദിയാക്കി വളർത്തിയത്. ''പുസ്തകം വേണോ, മോതിരം വേണോ മോന്'' എന്ന് പരുമല ബാവ തിരുമേനി ചോദിച്ചപ്പോൾ, തനിക്കുവേണ്ടത് പുസ്തകമാണെന്നു ബാലനായിരുന്ന എം. സി. പറഞ്ഞ കാര്യം എം.കെ. സാനുമാഷ് അദ്ദേഹത്തിന്റെ 'യുക്തിവാദി എം. സി. ജോസഫ്' എന്ന ജീവചരിത്രഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്.
പണ്ട് പ്രതാപത്തിലുള്ള വീട്ടിലാണ് ജനിച്ചതെങ്കിലും അച്ഛന്റെ മരണത്തെത്തുടർന്ന് സാമ്പത്തിക പ്രയാസങ്ങളറിഞ്ഞു വളർന്നുവന്ന എം.സി, ആ സാഹചര്യംകൊണ്ടുകൂടിയാവണം സമൂഹത്തെ സ്നേഹിച്ചു വളർന്നു. മഹാരാജാസ് കോളജിൽ പഠിക്കുമ്പോഴാണ് വിശ്വാസങ്ങളിൽ പലതിനെയും സംശയത്തോടെ വീക്ഷിച്ചു തുടങ്ങിയതും പതിയെ യുക്തിവാദത്തിലേക്കെത്തിയതും.
