അമ്മമനമെന്നപോലെ
രാത്രിയെത്ര പക്വതയോടെ ഉണർന്നിരിക്കുന്നു!
ലോകത്തെ വാരിയെടുക്കുന്നു
ഇരുട്ടിന്റെ കമ്പളം പുതപ്പിക്കുന്നു
നിലാവിനോട് കഥപറയുന്നു
നക്ഷത്രങ്ങളിൽ തൊട്ടിൽക്കൊളുത്തുകൾ തൂക്കിയിടുന്നു
ഉറക്കത്തിന്റെ മാന്ത്രികഭൂമിയിലേയ്ക്ക് നയിക്കുന്നു.
വിത്തുകളുടെ ഭാരം ചുമന്നവശനായ
സഞ്ചാരിക്കാറ്റിനെ പോലും അനാഥനാക്കുന്നില്ല.
പൂക്കളുടെ മടിയിലേക്ക് കാറ്റുമുറങ്ങി വീഴും.
വഴിവിളക്കുകളുടെ വെളിച്ചത്തിൽ നിന്നും
പട്ടണങ്ങളുടെ ഹൃദയമിടിപ്പ് കേൾക്കുന്ന രാത്രി.
ശവഗന്ധം പടർന്ന തെരുവുകളെ നോക്കി ഛർദ്ദിക്കുന്ന രാത്രി.
മഴമണം ശ്വസിച്ചുണരും മഴപ്പാറ്റകളോട്
ആധികൾ പുലമ്പിത്തീർക്കുന്ന രാത്രി.
വേനൽ ഉരുക്കിയെടുക്കും
ദിനങ്ങളെ നോക്കി നെടുവീർപ്പിടുന്ന രാത്രി.
കാമത്തിന്റെ കാട്ടുമുല്ലകൾ
പൂത്തുലയുന്ന രാത്രി.
കുറ്റിച്ചൂലെടുത്ത് അന്നന്നത്തെ അഴുക്കുകൾ കഴുകികളയുന്ന രാത്രി.
