ചുമരിൽ തറച്ച വലിയ കണ്ണാടിക്ക് മുന്നിൽ അർദ്ധനഗ്നമായ തന്റെ ഭാരിച്ച ശരീരവും നോക്കി നിൽക്കുകയാണ് അക്ഷയ്. ഏറെ നേരമായി ആ നിൽപ്പ് തുടങ്ങിയിട്ട്. സുനാമിത്തിര പോലെ അലയടിച്ചു വരുന്ന ഓർമ്മകളിലെ കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും രണ്ടു തുള്ളി കണ്ണീരായി പുറത്തേക്ക് ചാടിയപ്പോൾ ഇരുകയ്യാലും മുഖം പൊത്തിത്തുടച്ച് വലം കയ്യിൽ തങ്ങിയ നനവിൽ അവൻ ആ കണ്ണാടിയിൽ എഴുതി 'പൊണ്ണൻ'. കണ്ണുനീർത്തുള്ളികൾക്ക് തറയിൽ വീണു ചിതറാനല്ലാതെ ഉടഞ്ഞ മനസ്സിന്റെ നീറ്റൽ കഴുകി കളയാൻ കഴിയില്ലല്ലോ.
ഇന്ന് ഈ ആറടി പൊക്കത്തിൽ ചീർത്തുനിൽക്കുന്ന 150 കിലോ ശരീരം ഒറ്റ ദിവസം കൊണ്ട് ഉണ്ടായതല്ല, കുഞ്ഞായിരുന്നപ്പോൾ മുതൽ മുത്തച്ഛനും മുത്തശ്ശിയും അമ്മയും അച്ഛനും ഒക്കെ ചേർന്ന് സ്നേഹത്തിന്റെ പാത്രത്തിൽ കുഴച്ച് ഊട്ടിയ ഉരുളകൾ നാവിൻതുമ്പിൽ സൃഷ്ടിച്ച ലഹരിയായിരുന്നു അതിന്റെ തുടക്കം. പിന്നീട് ആഹാരം അവന് വെറുമൊരു വിശപ്പടക്കലായിരുന്നില്ല, രുചി മുകുളങ്ങൾക്ക് അടക്കാനാകാത്ത അനുഭൂതിയായി പരിണമിച്ച ജീവിതത്തിലെ ഏറ്റവും വലിയ പ്രണയിനിയായിരുന്നു. ചിലപ്പോൾ വയറു നിറഞ്ഞാലും മതിവരാത്ത രുചിയുടെ മുകുളങ്ങളെ തൃപ്തിപ്പെടുത്താൻ കഴിച്ചതത്രയും തൊണ്ടയിൽ വിരലിട്ട് ഛർദിച്ചുകളഞ്ഞ് വീണ്ടും ചൂടോടെ ആഹാരം കഴിച്ചിരുന്ന ഭ്രാന്തമായ ദിനങ്ങൾ.
കൂട്ടുകാർ തടിയനെന്നും പൊണ്ണനെന്നും ഒന്നിനും കൊള്ളാത്തവനെന്നും പറഞ്ഞ് കളിയാക്കുമ്പോഴും മാറ്റിനിർത്തുമ്പോഴും വിഷമം തോന്നിയിരുന്നുവെങ്കിലും ആ സങ്കടങ്ങളെല്ലാം അടുത്ത ആഹാരം കാണുന്നതിനോടൊപ്പം അലിഞ്ഞില്ലാതാകുമായിരുന്നു. ആദ്യമൊക്കെ കഴിപ്പിക്കാൻ മത്സരിച്ചിരുന്ന അമ്മയും അച്ഛനും പതിയെ പതിയെ ആ അസാമാന്യ വളർച്ച കണ്ട് വിഷമത്തിലായപ്പോഴും കുംഭകർണ്ണനെപ്പോലെ തിന്നാനും ഉറങ്ങാനും അല്ലാതെ എന്തിന് കൊള്ളാം എന്ന് ചോദിച്ചു കുറ്റപ്പെടുത്തുമ്പോഴും താൻ ചെയ്ത തെറ്റ് എന്താണെന്നറിയാതെ അവർക്ക് മുന്നിൽ തലകുനിച്ചു നിൽക്കുക എന്നതിനപ്പുറം എന്തു ചെയ്യണമെന്നവന് അറിയില്ലായിരുന്നു.
