ഏതുനിമിഷത്തിലാണ് മനുഷ്യന് സമനില തെറ്റുക? രാവിലെ കൃത്യസമയത്തുണർന്ന്, കുളിച്ചു പ്രഭാതഭക്ഷണം കഴിച്ച്, എന്നും ഒരേസമയത്ത് ജോലിക്ക് ഇറങ്ങിയിരുന്ന ഒരു പുരുഷൻ - ഭാര്യയുടെയും രണ്ടു കുട്ടികളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തയാൾ - പതിയെ ജീവിതത്തോട് മുഖം തിരിച്ചുതുടങ്ങുന്നു. രാവിലെ എഴുന്നേറ്റ് ചായ വേണം എന്നാഗ്രഹിക്കുന്നത് നിർത്തുന്നു. തലയിൽ എണ്ണ തേച്ച് ചൂടുവെള്ളത്തിൽ കുളിക്കണം എന്ന നിർബന്ധം മറന്നുപോകുന്നു. എന്നും കൃത്യമായി പത്രം വായിച്ചിരുന്നയാൾ അക്ഷരങ്ങളോടുപോലും വൈമുഖ്യം കാണിക്കുന്നു. അവസാനം സ്വയം നിർമ്മിച്ച ഒരു ഒറ്റയാൻ തുരുത്തിൽ ആരെയോ കാത്തെന്നപോലെ, അകലേയ്ക്കും നോക്കി, ജീവിതത്തെ പാടേ ഉപേക്ഷിച്ചുകളയുന്നു.
പ്രസാദ്, ചേട്ടന്റെ മുഖത്തേക്ക് നോക്കി. താടയ്ക്ക് കൈയും കൊടുത്ത് കണ്ണിമ ചിമ്മാതെ എന്തോ ആലോചനയിലാണ് അയാൾ. ആർക്കും ചെന്നു കയറാൻ സാധിക്കാത്ത, അയാൾക്ക് പോലും നിശ്ചയമില്ലാത്ത ഒരു ലോകത്ത്.
"ശിവേട്ടാ"
