ചുമർചിത്രങ്ങളില്ലാത്ത
നഗരത്തിലേയ്ക്കുള്ള
യാത്രയ്ക്കൊരുങ്ങുകയാണ്.
ഉറുമ്പോളം വലുപ്പത്തിലൊരു
കല്ലുപെൻസിൽ കയ്യിലുണ്ട്
അ ആ ആനയെ വരയ്ക്കാൻ.
വേനലിൽ തോട്ടുവക്കത്ത് വിരിഞ്ഞ
മഞ്ഞയും ചുവപ്പും പൂക്കളുടെ
നിറം പിഴിഞ്ഞെടുത്ത്
ചോറ്റുപാത്രത്തിലടച്ചു നിറച്ചു.
പിറ്റേന്ന്
തോട് പൂക്കളില്ലാതെ വരണ്ടുപോയി.
വെട്ടിയ മീന്തലകൾ
തോട്ടിലേയ്ക്കൊഴിച്ച്
അമ്മിണിച്ചിറ്റ എന്നെ കൈവീശി യാത്രയയച്ചു.
കുപ്പിയിലെ വെള്ളമൊഴിച്ച് നിറഞ്ഞ
തോട് കടന്ന്
സ്കൂളിൽ പോയി.
ഉടൽ തേടി ആ മീന്തലകൾ
പരക്കം പാഞ്ഞ കഥ
ചട്ടിയിലായവർ അറിയുന്നുണ്ടോ?
