ഷിഫോൺ സാരിയുടുത്ത് മുടി അഴിച്ചിട്ട് ചുവന്ന വലിയ വട്ടപൊട്ടും കുത്തി ഇരുകൈകളിൽ കുപ്പിവളകളും അണിഞ്ഞു നടക്കുന്ന രാധമ്മയെ അവിടെയുള്ള എല്ലാവർക്കും ഭയമായിരുന്നു. എന്തിനേറെ പറയുന്നു ആ നാട്ടിലെ പോലീസുകാർ വരെ രാധമ്മയുടെ ശാസനയിൽ മയങ്ങി കിടക്കുന്നവരായിരുന്നു. കോട്ടയിൽ എന്ത് നടന്നാലും എല്ലാം കണ്ടും കേട്ടും നിൽക്കാൻ മാത്രമേ അവിടുത്തെ ആളുകൾക്ക് കഴിഞ്ഞുള്ളൂ. രാധമ്മയുടെ കോട്ടയിലെ സ്ത്രീകൾ എങ്ങനെ അവിടെ എത്തിപ്പെട്ടു എന്നത് അജ്ഞാതമാണ്.
കോട്ടയിലെ സ്ത്രീകൾ തുന്നൽ പണികളിലും മറ്റും ഏർപ്പെട്ടിരുന്ന സമയത്താണ് സുധീറിന്റെ കാർ കോട്ടയുടെ മുന്നിൽ വന്നു നിന്നത്. സുധീർ വന്നു കഴിഞ്ഞാൽ ചോദിക്കുക മീരയെയാണെന്ന് രാധമ്മയ്ക്ക് അറിയാം. സുധീർ മാത്രമല്ല നീണ്ട മുടിയഴകും പാലപ്പൂവിന്റെ നിറത്തോട് കൂടിയിട്ടുള്ളവളുമായ മീരയെ തേടിയാണ് പലരും കോട്ടയിലേക്ക് എത്തുന്നത്. അവർക്കും തന്റെ കീഴിലുള്ള പെൺകുട്ടികളെക്കാൾ ഏറ്റവും പ്രിയം മീരയോടാണ്. അവരുടെ ബിസിനസ് വളർന്നുകൊണ്ടിരിക്കുന്നതിന് മീര ഒരു കാരണം ആണല്ലോ..
സുധീർ എത്തിയ വിവരം പറയാൻ അവർ അവളുടെ അടുക്കലേക്ക് എത്തി. അവൾ ഇതുവരെ എഴുന്നേറ്റിട്ടില്ല.
