"പൊനം" എന്നാൽ കാട് വെട്ടിത്തെളിച്ച് മണ്ണൊരുക്കി നടത്തുന്ന ആദിമ ഗോത്രവർഗ്ഗ കൃഷിരീതിയാണ്. കാസർഗോഡിൻ്റെ കരിമ്പുനത്ത് നിന്നു തുടങ്ങി കർണാടകത്തിലെ സുള്ള്യയിലെത്തി നിൽക്കുന്ന വനപ്രദേശത്ത്, വെട്ടിയും കുത്തിയും ഒഴുക്കുള്ള പുഴകളിൽ ചെകുത്താൻ മീനുകൾക്ക് ആഹാരമായി മാറുന്ന ജീവിതങ്ങൾ. വീര്യമുള്ള നാടൻ റാക്കും ഇരട്ടക്കുഴലുള്ള തോക്കും കെടാത്ത കാമവും നായകനാണോ വില്ലനാണോയെന്ന് വായനക്കാരെ ആശയക്കുഴപ്പത്തിലാക്കുന്ന ആണുങ്ങളും പുകയുന്ന പകയും കരിമ്പുനത്തിൻ്റെ നിറമുള്ള ചോരയും കാടിൻ്റെ കരുത്തുള്ള പെണ്ണുങ്ങളുടെ ചൂരും കാതലുള്ള ചന്ദനമരങ്ങളും കാട്ടുമൃഗങ്ങളുടെ മുരളലും അടിക്കാടുകളിൽ പൂത്തു നിൽക്കുന്ന ചൂതുപൂക്കളും വയനാട്ടുകുലവൻ തെയ്യവും അങ്കക്കോഴികളുടെ മെയ് വഴക്കവും നോവലിനെ ശക്തമായ ഒരു തിരക്കഥയാക്കുന്നു.
പൊനത്തിൽ കാടിനെപ്പോഴും കറുത്ത നിറമാണ്. ഉള്ളിലേക്ക് ചെല്ലുന്തോറും മരങ്ങളുടെ അടുപ്പത്തിൽ ഇരുളടഞ്ഞ് നിഗൂഢമാകുന്ന കാട് മനുഷ്യക്കുരുതിക്ക് കളമൊരുക്കുന്നതു പോലെ തോന്നാം. എങ്കിലും ഇടയ്ക്കിടക്ക് ഇലകളിലേക്ക് വീഴുന്ന നനുത്ത മഴത്തുള്ളികളും വളരെ ദൂരെ നിന്നുള്ള കിളിയൊച്ചകളും ഇരുണ്ട നിഴലുകളിൽ നിന്നുണുരുന്ന ചീവീടുപാട്ടുകളും കേൾക്കാം.
മാധവൻ്റയും ശേഖരൻ്റെയും കുടിപ്പക ഒരു നാട് ഏറ്റെടുത്ത് ചേരിതിരിഞ്ഞ് ഒന്നിന് രണ്ടെന്ന തരത്തിൽ ബലി നൽകുമ്പോൾ അവിടെ "പക പുകഞ്ഞുകൊണ്ടിരിക്കും."എത്രയെടുത്താലും തീരാത്ത അക്ഷയഖനിയായ കാട്ടിൽ മർമ്മരമായും പിറുപിറുക്കലായും ആർത്തനാദമായും ഉയർന്നുകേൾക്കുന്ന കാടിൻ്റെ ശബ്ദം. അങ്കരക്കാട് എന്ന ആദിവനത്തിൽ മേന്തോന്നിപ്പൂക്കളെന്ന് തോന്നിക്കുന്ന തീശലഭങ്ങൾക്ക് ശേഖരൻ ഇരയാകുമ്പോഴും കഥ അവസാനിക്കുന്നില്ല. അനിയൻ ഗണേശനിലൂടെ കഥ വീണ്ടും വളരുന്നു.
