ടോളമിയുടെ മുറിവുകളിലൂടെ

Readers Ink

ടോളമിയുടെ മുറിവുകളിലൂടെ


മുറിവുകൾ. കെട്ടിയിട്ട ചങ്ങല ഉരഞ്ഞുണ്ടായ മുറിവുകൾ. അതിലൊരു ഈച്ച വന്നിരിക്കുന്നത് ടോളമി നോക്കിയിരുന്നു. അതിന്റെ നേർത്ത ശബ്ദം അവന് സംഗീതം പോലെ അനുഭവപ്പെട്ടു. ചിലന്തി കെട്ടിയ വല പോലെ ഓർമ്മകൾ നേർത്തുനേർത്തു തുടങ്ങി. ചിലതെല്ലാം തമ്മിൽ ബന്ധമില്ലാതെ അറ്റുപോയിക്കൊണ്ടിരുന്നു. കാലത്തിന്റെ കണക്കുകളും ടോളമിക്ക് മങ്ങിത്തുടങ്ങി. വർഷങ്ങളും മാസങ്ങളും ദിവസങ്ങളും മണിക്കൂറുകളും നിമിഷങ്ങളും മറഞ്ഞുമറഞ്ഞു പോയി. കാലിലെ ചങ്ങല മുറിവിൽ ഉരയുമ്പോൾ പണ്ടായിരുനെങ്കിൽ അവൻ ഉറക്കെ കരഞ്ഞേനെ! പക്ഷേ ഇപ്പോളത് ശീലമായിരിക്കുന്നു. രാത്രിയിൽ നക്ഷത്രങ്ങൾ തെളിയുന്ന പോലെ സ്വാഭാവികമായ ഒരു പ്രതിഭാസം! അവൻ ചിന്തിച്ചു. നക്ഷത്രങ്ങളെയും തുറന്ന ആകാശത്തെയും ഒരിക്കൽക്കൂടി കാണാൻ സാധിക്കുമോ? എന്തിനായിരിക്കും ഈ ശിക്ഷ? പലപ്പോഴും പറ്റിയ തെറ്റുകളിലൂടെയെല്ലാം സഞ്ചരിച്ചു നോക്കി. എന്നാൽ അയാളെയും ടോളമിയേയും കൂട്ടിച്ചേർക്കുന്ന ഒരു സന്ദർഭം പോലും അവന് കണ്ടെത്താനായില്ല. എന്തിനാണ്‌ അനുഭവിക്കുന്നത് എന്നറിയാത്ത ശിക്ഷ.

 അതിനേക്കാൾ വലുതായതെന്തുണ്ട്? എന്തിനായിരിക്കും ഭക്ഷണവും വസ്ത്രങ്ങളും തന്ന് അവനെയിവിടെ പൂട്ടിയിട്ടിരിക്കുന്നത്? കാലുകളിലും കൈകളിലും ചങ്ങലയുണ്ട്. ചങ്ങലയുടെ നീളത്തിൽ മാത്രം അവന് നടക്കാൻ പറ്റും. വിജനമായ ഏതോ ഇടത്തിലാണ് അവനെ താമസിപ്പിച്ചിരുന്നത്. ടോളമിയുടെ ഊഹം ശരിയാണെങ്കിൽ ചെളിനിറഞ്ഞ ഒരു തുരുത്തിൽ. ശരീരത്തിെനെയല്ല മനസ്സിനെ മുറിവേൽപ്പിക്കാനാണ് അയാൾ ശ്രമിക്കുന്നത്.എന്തിനായിരിക്കും ആ കൊച്ചു പെൺകുട്ടിയെ തന്റെ മുമ്പിൽ വച്ച് മർദ്ദിക്കുന്നത്?. അയാൾ അവനെ നോക്കി എന്തൊക്കെയോ വിളിച്ചു പറയും. പക്ഷേ അയാൾ സംസാരിക്കുന്ന ഭാഷ ടോളമിക്ക് മനസ്സിലാവാറില്ല.

അവസാനം ആ പെൺകുട്ടി ബോധം മറഞ്ഞു വീഴുന്നവരെ അയാൾ മർദ്ദനം തുടരും. അയാൾ അവന്റെ കണ്ണിലേക്ക് ഒരു വിജയിയുടെ ഭാവത്തിൽ നോക്കും.


Related Articles