പ്രണയത്തിന്റെ രണ്ടു മുഖമുള്ള പുസ്തകം

Readers Ink

പ്രണയത്തിന്റെ രണ്ടു മുഖമുള്ള പുസ്തകം


ഒരു മഴയുള്ള രാത്രിയിലാണ് അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ആ മനുഷ്യൻ മരിച്ചു പോയത്. രാധേ നീ എവിടെയാണെന്ന് ചോദിച്ചു എങ്ങു നിന്നോ വിളിക്കുന്ന ഫോൺ കോളുകളിൽ ശരിക്കും രാധയാകുന്നതും സ്വയം പേര് മറന്നു പോകുന്നതും അവൾ അറിഞ്ഞിരുന്നു.. സ്വാഭാവികമായും അവളയാളെ കൃഷ്ണാ എന്ന് വിളിച്ചു.. എന്റെ സ്വപ്ന പ്രേമഭാജനമേയെന്ന് കോരിത്തരിച്ചു.. ഉത്സവങ്ങളിലും പ്രത്യേക ദിവസങ്ങളിലും ദാവണിയുടുക്കുമ്പോൾ മഞ്ഞ പൊട്ടിട്ട് മുറ്റത്തെ നാരകത്തിന്റെ ചോട്ടിലിരുന്ന് അവളയാൾക്ക് ഫോട്ടോകളയച്ചു..

അവൾക്കന്ന് നഗരത്തിനടുത്ത് ഒരു ഇൻഷുറൻസ് കമ്പനിയിൽ ആണ് ജോലി മുതിർന്ന സാറുമാരുടെ ജോലിഭാരവും അവരുടെ മൂഡ്സ്വിങ്‌സും പേറി വൈകി വീട്ടിലെത്തി ഇളം സന്ധ്യ നേരത്ത് അവൾ ഇഷ്‌ടമുള്ള പാട്ടുകൾ കേൾക്കും. തുളസിയിട്ടു കാച്ചിയ എണ്ണ കൊണ്ട് മുടി കോതും എന്നിട്ട് വാസനസോപ്പുകൊണ്ടും ചെമ്പരത്തി താളി കൊണ്ടും മുടി കഴുകും.

എല്ലാം കഴിഞ്ഞാണ് ആഹാരം. അമ്മ ഉണ്ടാക്കിയ പരിപ്പ് കറിയിൽ കടുക് കരിഞ്ഞതറിയാതെ അവൾ തന്റെ കൃഷ്ണനെ ഓർത്തു. ഫോണിന്റെ അങ്ങേയറ്റത്ത്‌ തനിക്കൊരു കൃഷ്ണനുണ്ടെന്നും ഞാൻ അദ്ദേഹത്തിന്റെ രാധയാണെന്നും അവൾ മനസ്സിൽ താലോലിച്ചു..

രാത്രി വൈകുവോളം അവൾ നന്ദിതയെയും മീരയെയും വായിച്ചു. പ്രണയത്തിന്റെ രണ്ടു മുഖമുള്ള പുസ്തകങ്ങളിൽ നിന്ന് അവൾക്ക് അവളുടെ മാത്രമായ പ്രണയ സങ്കൽപ്പങ്ങൾ വിരിഞ്ഞു.

അങ്ങനെയിരിക്കെ ഒരു കാലത്താണ്, അതൊരു ഓണക്കാലമായിരുന്നു. എല്ലാ കൊല്ലവും അമ്മക്കുമവൾക്കും കിട്ടിയ പണം കൊണ്ട് ഓണക്കോടി വാങ്ങിയിരുന്ന അവൾ നഗരത്തിലെ കടയിൽ പോയി ഏറ്റവും വലിയ ബ്രാന്റിന്റെ ഷർട്ട്‌ വാങ്ങി കൊറിയറയച്ചു. ഇക്കൊല്ലത്തെ ഓണത്തിന് മൂന്ന് കറികളൊക്കെ മതിയെന്നും പൈസ കൊണ്ട് കടക്കാരന്റെ പറ്റു തീർത്തുവെന്നും അവൾ അമ്മയോട് കള്ളം പറഞ്ഞു.

അന്നത്തെ ഓണത്തിന്റന്നാണ് അമ്മക്ക് സുഖമില്ലാതെ ആശുപത്രി വരാന്തയിൽ അവളിരുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത മനുഷ്യൻ താനയച്ച ഷർട്ടിട്ട് തനിക്ക് ഫോട്ടോ അയയ്ക്കുമെന്നും തന്നെ ആശ്വസിപ്പിക്കുമെന്നും അവൾ ആഗ്രഹിച്ചു.
ശരിയാണ് ശബ്ദത്തിലൂടെ അവർ കെട്ടിപ്പിടിച്ചു, അമ്മയല്ലാതെ തനിക്കാരുമില്ലെന്ന് അവൾ എങ്ങലടിച്ചു കരഞ്ഞു. ഉള്ളിൽ അപ്പോഴും ഞാനുണ്ടെന്ന വാക്കുകൾക്ക് വേണ്ടി ആ രാധ എക്കാലത്തും തിരഞ്ഞു.

ഒരിക്കൽ വായനാമുറിയിൽ അവൾ വായിക്കാത്ത പുസ്തകങ്ങളുടെ കണക്കെടുപ്പ് നടത്തുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ഒരു മനുഷ്യൻ മുന്നിൽ വന്നു.
അവൾക്കമ്പരപ്പ് തോന്നി കണ്ണെഴുതാത്തതിന് പൊട്ടു തൊടാഞ്ഞതിന് എത്രയോ ദിവസം അവൾ കണ്ണാടിയിൽ നോക്കി സ്വയം പഴി പറഞ്ഞു. അതെ എന്റെ കൃഷ്ണന് നീല നിറമാണ്, എണ്ണക്കറുപ്പെന്ന് പറയാൻ രാധ ആഗ്രഹിച്ചില്ല. കണ്ണുകൾക്ക് തിളക്കമുണ്ട് ചുണ്ടുകൾ ചുമന്നിട്ടും വെളുത്ത പല്ലുകളുമാണ്. എന്നേക്കാൾ കഷ്ടിച്ചു രണ്ടിഞ്ചു ഉയരമേ കാണൂ അവൾ ചിന്തിച്ചു കൂട്ടി.

ആദ്യ കാഴ്ചയിൽ പറയാൻ വെച്ച കാര്യങ്ങളൊക്കെ മറന്നു പോയത്, പറഞ്ഞു വിലപിക്കാൻ ഒരു കൂട്ടുകാരി ഇല്ലാത്തതില്‍ അവൾ സങ്കടപ്പെട്ടു.

അങ്ങനെയിരിക്കെയാണ് അവൾക്കു ജോലിയിൽ ട്രാൻസ്ഫർ കിട്ടുന്നത്. മുതലാളിമാരുടെ പരിചയത്തിലുള്ള ആരോ തന്റെ കസേരയിലേക്ക് വരുന്നുണ്ടെന്നും അത് കൊണ്ടാണ് തനിക്ക് സ്ഥലം മാറ്റം കിട്ടിയതെന്നും ഓഫീസിലെ അശോകൻ പറഞ്ഞറിഞ്ഞു.

അച്ഛനില്ലാത്തതു കൊണ്ട് കൈ മാറി കിട്ടിയ തറവാട് അവളുടെ അമ്മക്കുള്ളതായിരുന്നു. അവളും അമ്മയും നാലുകെട്ട് പോലുള്ള ആ തറവാട്ടിൽ യഥേഷ്ടം ജീവിച്ചു. സ്ഥലം മാറ്റം വന്നപ്പോൾ വേറൊരു വാടക വീട്ടിൽ നില്‍ക്കുന്നതിനായി അവൾ ആ നാലുകെട്ട് തരക്കേടില്ലാത്ത പൈസക്ക് വാടകക്ക് കൊടുത്തു.

കൃഷ്ണൻ അവളെ വിളിക്കുകയും രാഷ്ട്രീയമൊഴികെ എല്ലാ കാര്യങ്ങളും അവർ സംസാരിക്കയും ചെയ്തു. ബെംഗുളൂരുവിൽ ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്ന പുസ്തക പ്രേമിയായ ഗസലുകൾ ഇഷ്‌ടപ്പെടുന്ന അയാളെ അവൾ സ്വപ്നങ്ങളിൽ കണ്ടു.

ഒരിക്കൽ കണ്ട ഓർമകൾ വെച്ച് മേഘ മൽഹാർ പണിതു. തീർത്തും അവിചാരിതമായാണ് അവർ പരിചയപ്പെടുന്നത്. ഇടയ്ക്കവൾ താനെടുത്ത ചെമ്പരത്തിയുടെയും മുല്ലയുടെയും കൂടെ സാമൂഹിക മാധ്യമങ്ങളിൽ ഇട്ടിരുന്ന കവിതാ ശകലങ്ങൾ കണ്ട് അവള്‍ക്കയാൾ മെസേജ് അയച്ചു.
എന്ത് ഭംഗിയാണ് ചിത്രത്തിനും വരികൾക്കുമെന്ന് പറഞ്ഞു..

ഇതുവരെ മറ്റ് പ്രണയങ്ങളൊന്നുമില്ലാതിരുന്ന പെണ്ണ് ഒരു പുരുഷന്റെ ആരാധനാ വാക്കുകളില്‍ അലിഞ്ഞു പോയി. അതേ അലിവാണ് അവനാദ്യമായി അവളെ ചുംബിച്ചപ്പോഴും അവൾക്ക് തോന്നിയത്. ഇരുപത്തിയാറ് വയസ്സിനിടയിൽ ഒരു ചുംബനം പോലും ലഭിക്കാത്ത, അച്ഛന്റെയും അമ്മയുടെയും കൊഞ്ചിക്കൽ കൂടി ഓർമയില്ലാത്തവൾ അയാളുടെ ചുംബനങ്ങളിൽ സ്വയം മറന്നില്ലാതെയായി.


വാടക വീട്ടിലേക്ക് മാറിയ ആഴ്ച സാധനങ്ങളുടെ അടുക്കലും പെറുക്കലും കഴിയുന്നതിനു മുൻപ് അപ്രതീക്ഷിതമായി കൃഷ്ണൻ അവളെ കാണാൻ വന്നു. അമ്മയോട് സ്നേഹപൂർവ്വം സംസാരിച്ചു. ശേഷം പിന്നാമ്പുറത്തെ വാഴത്തോപ്പിലിരുന്നവർ മിണ്ടി പറഞ്ഞു. അതിനിടയിലെപ്പോഴോ കൈകൾ കൊരുക്കുകയും അധരങ്ങൾ വിറയ്ക്കുകയും ചെയ്തു. ബാക്കിയെല്ലാം അവൾക്ക് സ്വപ്നമായിരുന്നു.


Related Articles